മലപ്പുറം ജില്ലാപഞ്ചായത്തിന്റെ പുതിയ അമരക്കാരായി പി.എ ജബ്ബാര്‍ ഹാജിയും അഡ്വ. എ.പി സ്മിജിയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നടന്ന ചടങ്ങിൽ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍, പി.എ ജബ്ബാര്‍ ഹാജിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. അരീക്കോട് ഡിവിഷനില്‍ നിന്നുള്ള അംഗമായ ജബ്ബാര്‍ ഹാജിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് പുത്തനത്താണി ഡിവിഷന്‍ അംഗം വെട്ടം ആലിക്കോയയാണ് നാമനിര്‍ദേശം ചെയ്തത്. വഴിക്കടവ് ഡിവിഷനില്‍ നിന്നുള്ള എന്‍.എ കരീം ഈ നിർദ്ദേശത്തെ പിന്തുണച്ചു. ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ നടന്ന തെരഞ്ഞെടുപ്പ് നടപടികൾക്ക് ജില്ലാ കളക്ടര്‍ നേതൃത്വം നല്‍കി.
ഉച്ചയ്ക്ക് 2.30ന് നടന്ന ചടങ്ങിലാണ് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റായി അഡ്വ. എ.പി സ്മിജി ചുമതലയേറ്റത്. താനാളൂര്‍ ഡിവിഷനില്‍ നിന്നുള്ള അംഗമായ സ്മിജിക്ക് പ്രസിഡന്റ് പി.എ ജബ്ബാര്‍ ഹാജി സത്യവാചകം ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എടവണ്ണ ഡിവിഷനില്‍ നിന്നുള്ള കെ.ടി അഫ്‌റഫാണ് സ്മിജിയുടെ പേര് നാമനിര്‍ദേശം ചെയ്തത്. വണ്ടൂര്‍ ഡിവിഷനില്‍ നിന്നുള്ള ആലിപ്പറ്റ ജമീല ഇതിനെ പിന്തുണച്ചു.
പ്രൗഢഗംഭീരമായ ചടങ്ങില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എം.എല്‍.എമാരായ കെ.പി.എ മജീദ്, പി. അബ്ദുള്‍ ഹമീദ്, യു.എ ലത്തീഫ്, പി. ഉബൈദുള്ള, ടി.വി ഇബ്രാഹിം എന്നിവരും മുൻ എം.എൽ.എ കെ.എൻ എ ഖാദർ, ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം.കെ റഫീഖ, മുന്‍ വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം തുടങ്ങിയ പ്രമുഖരും സംബന്ധിച്ചു. പുതിയ ഭരണസമിതിക്ക് ആശംസകൾ നേരാൻ രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിരവധി പേരാണ് ചടങ്ങിലെത്തിയത്.

