സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനങ്ങളും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വനിതാ ശിശു വികസന വകുപ്പ് നടത്തുന്ന ‘ഓറഞ്ച് ദ വേള്‍ഡ് ക്യാംപയിനിന്റെ’ ഭാഗമായി ജില്ലയിൽ മെഗാ മാരത്തോണ്‍ സംഘടിപ്പിച്ചു. ‘യുനൈറ്റഡ് ടു എന്‍ഡ് ഡിജിറ്റല്‍ വയലന്‍സ് എഗൈന്‍സ്റ്റ് ഓള്‍ വുമണ്‍ ആന്‍ഡ് ഗേള്‍സ്’ എന്ന പ്രമേയത്തിലൂന്നിയാണ് ഇത്തവണ മാരത്തോൺ നടന്നത്. മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് പരിപാടി ഫ്‌ളാഗ് ഓഫ് ചെയ്തു. കളക്ടര്‍ ബംഗ്ലാവില്‍ നിന്നാരംഭിച്ച മാരത്തോണ്‍ പൊലിസ് സ്റ്റേഷന്‍ വഴി സഞ്ചരിച്ച് കളക്ടറേറ്റ് പരിസരത്താണ് സമാപിച്ചത്. ജില്ലാ വനിത ശിശുവികസന ഓഫീസര്‍ ഗോപകുമാര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഫ്രണ്ട്സ് കോട്ടക്കുന്ന്, ഷാജു റോഡ് റസിഡെന്‍സ് അസോസിയേഷന്‍, സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ മലപ്പുറം, വൈ.എം.സി.എ തുടങ്ങിയ വിവിധ സംഘടനകളിലെ ഭാരവാഹികളും വനിതാ ശിശു വികസന വകുപ്പിലെ ജീവനക്കാരും അങ്കണവാടി വര്‍ക്കര്‍മാരും മാരത്തോണില്‍ അണിനിരന്നു. ഡിജിറ്റൽ ഇടങ്ങളിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾക്കെതിരെ പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കൂട്ടയോട്ടം സംഘടിപ്പിച്ചത്.

