ഇത്തവണ ജില്ലയില്‍ തദ്ദേശ പൊതുതെരഞ്ഞെടുപ്പ് നടന്നത് ഹരിത ചട്ടങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട്. മുന്‍ വര്‍ഷങ്ങളില്‍ തെരഞ്ഞെടുപ്പുകള്‍ കഴിയുമ്പോള്‍ മാലിന്യക്കൂമ്പാരങ്ങള്‍ റോഡരികുകളിലും പൊതുസ്ഥലങ്ങളിലും കുന്നുകൂടിക്കിടക്കുന്നത് പതിവായിരുന്നെങ്കില്‍ ഇത്തവണ അത്തരം സംഭവങ്ങള്‍ ഉണ്ടായില്ല. ഇത്തവണ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ എല്ലാ ഉത്തരവുകളിലും ഹരിത തെരഞ്ഞെടുപ്പ് സംബന്ധിച്ച കര്‍ശനമായ നിര്‍ദ്ദേശം നല്‍കിയിരുന്നു. പരിശീലന കേന്ദ്രങ്ങള്‍ മുതല്‍ ഇലക്ഷന്‍ മെറ്റീരിയല്‍സ് വിതരണ കേന്ദ്രങ്ങള്‍ , പോളിങ് ബൂത്ത്, യോഗ സ്ഥലങ്ങള്‍, വിവിധ ഓഫീസുകള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം ഹരിത പ്രോട്ടോകോള്‍ പാലിച്ചു. എല്ലാ പോളിങ് ബൂത്തുകളിലും ഹരിത ചട്ടങ്ങള്‍ പൂര്‍ണമായും പാലിക്കുന്നതിനായി ഹരിത കര്‍മ സേനാംഗങ്ങളെ നിയോഗിച്ചിരുന്നു. പോളിങ് ബൂത്തുകളിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനായി മിക്കയിടത്തും പ്രത്യേകം ബോക്‌സുകള്‍ സ്ഥാപിച്ചിരുന്നു.സംസ്ഥാനത്ത് കഴിഞ്ഞ രണ്ടര വര്‍ഷമായി നടന്നുകൊണ്ടിരിക്കുന്ന മാലിന്യ മുക്തം നവകേരളം എന്ന ശുചിത്വ – മാലിന്യ സംസ്‌കരണ ക്യാംപയിന്‍ പരിപാടിയുടെ ഫലമായി ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്ത് ജില്ല വലിയ മുന്നേറ്റം കൈവരിച്ചിരുന്നു. അജൈവമാലിന്യ സംസ്‌കരണ രംഗത്ത് മികച്ച നേട്ടങ്ങള്‍ മിക്ക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൈവരിച്ചിട്ടുണ്ട്.

