കരുവാരകുണ്ട് കേമ്ബിന്‍കുന്നിലെ കല്ലിടുമ്ബന്‍ മുഹമ്മദിന്റെ മകന്‍ മന്‍സൂര്‍ 1992ലാണ് നാട്ടുകാരനോടൊപ്പം ജോലി തേടി മദ്രാസിലേക്ക് വണ്ടി കയറിയത്. 24ാം വയസ്സില്‍ നാടുവിട്ട മന്‍സൂര്‍ തിരിച്ചെത്തുമ്ബോള്‍ വയസ്സ് 49. ആദ്യകാലങ്ങളില്‍ മദ്രാസില്‍ തുന്നല്‍ ജോലി ചെയ്തു. പിന്നീട് ഹോട്ടല്‍ ജോലിയിലേക്ക് മാറി. ഏഴുവര്‍ഷത്തിനു ശേഷം നാട്ടിലെത്തിയെങ്കിലും വീണ്ടും തിരികെ പോവുകയായിരുന്നു.പിന്നീട് മന്‍സൂറിനെക്കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു. വീട്ടുകാര്‍ പലയിടത്തും അന്വേഷിച്ചു. പത്രങ്ങളിലും ചാനലിലും വാര്‍ത്തകള്‍ വന്നു. പക്ഷേ, മന്‍സൂര്‍ തിരികെ വന്നില്ല.മകനെ കാണണമെന്ന ആഗ്രഹം ബാക്കി വെച്ച് ഉമ്മ നബീസ അഞ്ചുവര്‍ഷം മുമ്ബ് യാത്രയായി. രണ്ട് വര്‍ഷം മുമ്ബ് ഉപ്പ മുഹമ്മദും കണ്ണടച്ചു. ഇതിനിടയിലാണ് തിരൂര്‍ സ്വദേശി മന്‍സൂറിനെ പരിചയപ്പെടുന്നത്. ഓര്‍മകള്‍ പലതും മങ്ങിത്തുടങ്ങിയ മന്‍സൂറില്‍ നിന്ന് സ്ഥലവും വീട്ടുപേരും ചോദിച്ചറിഞ്ഞ ഇദ്ദേഹം നീലാഞ്ചേരി സ്വദേശി വഴി മന്‍സൂറിന്റെ കുടുംബത്തെ കണ്ടെത്തുകയായിരുന്നു. ഉടന്‍ ബന്ധുക്കള്‍ ചെന്നൈയിലെത്തി മന്‍സൂറിനെ നാട്ടിലേക്ക് കൊണ്ടു വന്നു. കണ്ണീരോടെ കാത്തിരുന്ന മാതാവിനും പിതാവിനും മകനെ കാണാനായില്ലെങ്കിലും കൂടപ്പിറപ്പ് തിരിച്ചെത്തിയതിന്റെ ആഹ്ലാദത്തിലാണ് മന്‍സൂറിന്റെ അഞ്ച് സഹോദരങ്ങള്‍.
