Wednesday, September 17News That Matters
Shadow

മഞ്ചേരി മെഡിക്കല്‍ കോളേജിലെ നവീകരിച്ച അമ്മത്തൊട്ടില്‍ ഉദ്ഘാടനം ചെയ്തു

മഞ്ചേരി മെഡിക്കല്‍ കോളേജിലെ നവീകരിച്ച അമ്മത്തൊട്ടില്‍ ബാലവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ.വി. മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വനിതാ ശിശു വികസന വകുപ്പ്, ശിശുക്ഷേമ സമിതി, ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെ പാറമ്മല്‍ കുടുംബ കൂട്ടായ്മയാണ് അമ്മത്തൊട്ടില്‍ നവീകരിച്ചത്. കുട്ടികളുടെ ഏറ്റവും പ്രധാന അവകാശം അതിജീവനമാണ്. അത് നിഷേധിക്കാന്‍ നമുക്കാവില്ല. കുട്ടികള്‍ കുടുംബാന്തരീക്ഷത്തില്‍ വളരണം. അവരുടെ സംരക്ഷണത്തിനാണ് ശിശുക്ഷേമ സമിതികള്‍ നിലകൊള്ളുന്നത് എന്ന് ഉദ്ഘാടനപ്രസംഗത്തില്‍ ബാലവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. ‘സനാത ബാല്യം സംരക്ഷിത ബാല്യം’ എന്ന മുദ്രാവാക്യത്തെ മുന്‍നിര്‍ത്തി ഉപേക്ഷിക്കപ്പെടുന്ന ശിശുക്കളെ സംരക്ഷിക്കാനും അവരെ വളര്‍ത്തിയെടുക്കുന്നതിനുമായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സാമൂഹ്യ പ്രതിബദ്ധതയുള്ള പദ്ധതിയാണ് അമ്മത്തൊട്ടില്‍. ഇന്നുവരെ 1050 കുട്ടികളെയാണ് സംസ്ഥാനത്തെ അമ്മത്തൊട്ടിലില്‍ ലഭിച്ചത്. അഡ്വ. യു.എ. ലത്തീഫ് എംഎല്‍എ അധ്യക്ഷത വഹിച്ച പരിപാടിയില്‍ സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ. അരുണ്‍ ഗോപി, ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. സുരേഷ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മെമ്പര്‍മാരായ അഡ്വ. പി. ജാബിര്‍, സി. ഹേമലത, ശ്രീജ പുളിക്കല്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഷാജിത ആറ്റശ്ശേരി, പാറമ്മല്‍ കുടുംബ കൂട്ടായ്മ അംഗം ഹമീദ് പാറമ്മല്‍, മഞ്ചേരി ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ്, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി പി. സതീശന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL