സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ട വിരോധത്തില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന മങ്കട പള്ളിപ്പറം സ്വദേശിയെ ആക്രമിച്ച സംഭവത്തില്‍ രണ്ടുപേരെ മലപ്പുറം പോലീസ് പിടികൂടി. വീല്‍ സ്പാനറുപയോഗിച്ചാണ് പ്രതികള്‍ യാത്രക്കാരനെയും കാറും ആക്രമിച്ചത്. മക്കരപ്പറമ്ബ് വെള്ളാട്ടുപറമ്ബ് പള്ളിതെക്കേതില്‍ ഫിറോസ് ഖാൻ (45), മലപ്പുറം കാട്ടുങ്ങല്‍ മുഹമ്മദ് ഫാഇസ് ബാബു (28) എന്നിവരെയാണ് മലപ്പുറം ഇൻസ്പെക്ടർ പി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മലപ്പുറം ചെറാട്ടുകുഴിയില്‍ നടന്ന സാമ്ബത്തിക ഇടപാടിലാണ് ആക്രമണമുണ്ടായത്.മേയ് 14-നായിരുന്നു സംഭവം. മറ്റൊരു കാറിലെത്തിയ സംഘം കാറിന്റെ ഗ്ലാസ് അടിച്ചുതകർക്കുകയും യാത്രക്കാരനെ അടിച്ച് പരിക്കേല്‍പ്പിക്കുകയും കൂട്ടക്കവർച്ച നടത്തുകയും ചെയ്തു. ഏഴുപേരുണ്ടായിരുന്നു സംഘത്തില്‍.വീല്‍ സ്പാനർ ഉപയോഗിച്ച് ആദ്യം കാറിന്റെ ചില്ല് അടിച്ചുതകർത്തു. ശേഷം വീല്‍ സ്പാനറുപയോഗിച്ച് യാത്രക്കാരനെ അടിക്കുകയും കല്ലുകൊണ്ട് കുത്തുകയും ചെയ്തു. കാറിലുണ്ടായിരുന്ന മൊബൈല്‍ ഫോണും രണ്ടു ലക്ഷം രൂപയും അപഹരിച്ചാണ് സംഘം സ്ഥലംവിട്ടത്. പരിക്കേറ്റയാളുടെ പരാതിപ്രകാരമാണ് മലപ്പുറം പോലീസ് കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തത്. കേസില്‍ ഉള്‍പ്പെട്ടെന്ന് മനസ്സിലാക്കിയ പ്രതികള്‍ ജില്ലയ്ക്കകത്തും പുറത്തും മൊബൈല്‍ഫോണും മറ്റും ഉപയോഗിക്കാതെ ഒളിവില്‍ കഴിയുകയായിരുന്നു.സൈബർസെല്ലിന്റെയും മറ്റും സഹായത്തോടെ മലപ്പുറം പോലീസ് നടത്തിയ നീക്കത്തിലൂടെയാണ് പ്രതികള്‍ അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യാൻ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്നും മറ്റു പ്രതികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളുടെ പേരില്‍ മറ്റു സ്റ്റേഷനുകളിലും കേസുകളുണ്ട്.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
