“നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്വം” എന്ന പ്രമേയത്തിൽ പ്രാസ്ഥാനിക കുടുംബം നടത്തുന്ന പരിസ്ഥിതി ക്യാമ്പയിനിന്റെ ഭാഗമായി പറമ്പിൽപീടിക ദാറുസ്സലാം സുന്നി ഹയർ സെക്കണ്ടറി മദ്രസ വിദ്യാർത്ഥികളും, അധ്യാപകരും പരിസ്ഥിതിവാരം ആചരിച്ചു. വ്യത്യസ്ത കർമ്മപദ്ധതികളോടെ നടന്ന പരിസ്ഥിതി വാരാചരണം സമ്പന്നമായി. തൈ നടൽ ഉദ്ഘാടന കർമ്മം സദർ ഉസ്താദ് അബ്ദുള്ള അഹ്സനി മേൽമുറിയുടെയും, സ്റ്റാഫ് സെക്രട്ടറി മുഹൈമിൻ നൂറാനി വെളിമുക്കിന്റെയും നേതൃത്വത്തിൽ നടന്നു. വിദ്യാർത്ഥികൾ വീടുകളിൽ നിന്ന് കൊണ്ടുവന്ന തണൽ വൃക്ഷത്തൈകൾ പരസ്പരം തന്റെ സുഹൃത്തിന് “ഗ്രീൻ ഗിഫ്റ്റ്” ആയി സമ്മാനിച്ചു. ‘ഹരിത മുറ്റം’ എന്ന പേരിൽ മദ്രസ മുറ്റത്ത് തൈകൾ നട്ടു കൊണ്ടുള്ള ഗാർഡൻ നിർമ്മാണത്തിന് “കുസുമം ക്ലബ്ബ്” വിദ്യാർത്ഥിനികൾ നേതൃത്വം നൽകി. അനുബന്ധമായി നടന്ന സ്റ്റുഡൻസ് അസംബ്ലിയിൽ മുദബ്ബിർ സിറാജുദ്ദീൻ സഖാഫി മൂന്നിയൂർ പരിസ്ഥിതി മലിനീകരണ-നശീകരണ പ്രവർത്തനങ്ങളുടെ അപകടങ്ങളെക്കുറിച്ചും, പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ബോധവൽക്കരണ ക്ലാസ് നടത്തി. അസിസ്റ്റന്റ് സദർ സൈതലവി ഇംദാദി പടിക്കൽ, അബ്ദുല്ലത്തീഫ് സഖാഫി കോഴിപ്പറമ്പത്ത്മാട്, മുഹമ്മദ് ബഷീർ സഖാഫി കൂമണ്ണ എന്നിവർ സംസാരിച്ചു.
