Thursday, September 18News That Matters
Shadow

റോഡരികില്‍ നിന്ന് ലഹരി ഉപയോഗം കണ്ടപ്പോള്‍ ചോദ്യം ചെയ്തതിന് പെരുന്നാള്‍ ദിനത്തില്‍ പ്രതികാരം, 3 പേര്‍ പിടിയില്‍

പാണക്കാട് റോഡരികില്‍ വെച്ച്‌ ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധം വെച്ച്‌ മാരകായുധങ്ങളുമായി അക്രമം നടത്തി ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലെ പ്രതികള്‍ പിടിയില്‍. മലപ്പുറം പൊലീസ് ഇൻസ്പെക്ടർ പി വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളായ 3 പേരെയും അറസ്റ്റ് ചെയ്തത്. പാണക്കാട് പെരിയേങ്ങല്‍ അബ്ദുറഹിമാൻ മകൻ മുഹമ്മദ് റാഷിഖ്‌ (27), പാണക്കാട് പട്ടർക്കടവ് എർളാക്കര അബ്ദുസ്സമദ് മകൻ മുഹമ്മദ് ജാസിത് (26), പാണക്കാട് അയ്യൂബ് മകൻ മുഹമ്മദ് ബാസിത് (21) എന്നിവരെയാണ് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്.

പാണക്കാട് റോഡ‍രികില്‍ നിന്ന് ലഹരി ഉപയോഗിക്കുന്ന ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടാണ് പ്രതികള്‍ അക്രമം നടത്തിയത്. പെരുന്നാള്‍ ദിനത്തില്‍ പുലർച്ചെ പാണക്കാട് പട്ടർക്കടവ് സ്വദേശി ഹാരിസിനേയും, പിതൃ സഹോദരന്റെ മകനായ റിയാസിനേയുമാണ് പ്രതികള്‍ മാരകായുധങ്ങളുമായി ആക്രമിച്ചത്. റിയാസിനെ പ്രതികള്‍ അക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിക്കുമ്ബോഴാണ് ഹാരിസിനും ക്രൂര മർദ്ദനമേറ്റത്. മാരകായുധങ്ങളായ നഞ്ചക്ക്, ഇരുമ്ബുവടി എന്നിവ ഉപയോഗിച്ചായിരുന്നു പ്രതികളുടെ അക്രമം. നഞ്ചക്കും ഇരുമ്ബുവടിയും കൊണ്ട് ഹാരിസിനെ ആക്രമിക്കുകയും, ഒന്നാം പ്രതിയായ മുഹമ്മദ് റാഷിഖ്, ഹാരിസിനെ ചാവി കൊണ്ട് കുത്തി മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. റിയാസ് പ്രതികള്‍ പാണക്കാട് റോഡരികിലിരുന്ന് ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധമാണ് അക്രമത്തിന് കാരണം.ലഹരി ഉപയോഗിച്ചതിനും, അക്രമങ്ങള്‍ നടത്തിയതിനും പ്രതികള്‍ക്ക് മുൻപും മലപ്പുറത്തും മറ്റ് പൊലീസ് സ്റ്റേഷനുകളിലും കേസുകള്‍ ഉള്ളതായി പൊലീസ് അറിയിച്ചു. മലപ്പുറം പൊലിസ് സബ് ഇൻസ്പെക്ടർ പ്രിയൻ എസ് കെ യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL