Thursday, September 18News That Matters
Shadow

മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ഇന്‍ഷുറന്‍സിനെ കുറിച്ചുള്ള അവബോധം വളര്‍ത്തിയെടുക്കണം : മന്ത്രി വി അബ്ദുറഹ്‌മാന്‍

മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ഇന്‍ഷുറന്‍സിനെ കുറിച്ചുള്ള അവബോധം വളര്‍ത്തിയെടുക്കണമെന്ന് കായിക-വഖഫ്-ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍. 2025-26 വര്‍ഷത്തെ മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും അപകട ഇന്‍ഷുറന്‍സ് സഹായധന വിതരണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന മത്സ്യ ഫെഡ് രാജ്യത്തെ തന്നെ മികച്ച സഹകരണ സ്ഥാപനമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. വ്യക്തിഗത ഇന്‍ഷുറന്‍സിന് വിമുഖത കാണിക്കുന്നവര്‍ക്ക് അതിന്റെ പ്രാധാന്യവും ഗുണവും മനസ്സിലാക്കിക്കൊടുക്കണം. അതിനായി പൊതുസമൂഹം ശ്രമിക്കണമെന്നും മന്ത്രി ഓര്‍മ്മപ്പെടുത്തി.

താനൂര്‍ ഉണ്യാല്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഇന്‍ഷുറന്‍സ് മെമ്പര്‍ഷിപ്പ് ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. താനൂര്‍ ഒട്ടുമ്പുറം ബോട്ടപകടത്തില്‍ മരണപ്പെട്ട പരപ്പനങ്ങാടി സ്വദേശി റസീനയുടെ ഭര്‍ത്താവ് സിറാജിന് 10 ലക്ഷം രൂപയും കൂടാതെ പാലപ്പെട്ടി സ്വദേശിനി റംലക്ക് അപകടം സംഭവിച്ചതിനെ തുടര്‍ന്നുള്ള ധനസഹായമായ 30,947 രൂപയും മന്ത്രി കൈമാറി.

നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. മത്സ്യഫെഡ് ജില്ലാ മാനേജര്‍ കെ. കെ ബിജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേരള മത്സ്യത്തെഴിലാളി ക്ഷേമ നിധി ബോര്‍ഡ് ചെയര്‍മാന്‍ കൂട്ടായി ബഷീര്‍ മുഖ്യാഥിതിയായി. മത്സ്യ ഫെഡ് ഭരണ സമിതിയംഗം പി.പി സൈതലവി, മത്സ്യഫെഡ് അക്കൗണ്ട്സ് ഓഫീസര്‍ കെ.വി അനിത,താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി. നാസര്‍, നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീധരന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് എം അനില്‍കുമാര്‍, കെ പി ബാപ്പുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് പ്രവര്‍ത്തിക്കുന്ന മത്സ്യഫെഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് വികസന ക്ഷേമ സഹകരണ സംഘങ്ങള്‍ വഴി വിവിധ പദ്ധതികളിലൂടെ വായ്പകളും മറ്റു സഹായങ്ങളും നല്‍കിവരുന്നുണ്ട്. കൂടാതെ മത്സ്യ മേഖലയിലെ സാമൂഹ്യ പുരോഗതിക്കായി വിവിധ ക്ഷേമ പദ്ധതികളും മത്സ്യഫെഡ് നടപ്പിലാക്കുന്നുണ്ട്. 2024-25 വര്‍ഷത്തില്‍ അപകട ഇന്‍ഷുറന്‍സ് പദ്ധതി വഴി ജില്ലയില്‍ നാലുപേര്‍ക്ക് 15.15 ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്തിരുന്നു.

വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL