തിരുവനന്തപുരം: തലസ്ഥാനത്ത് റോഡ് കയ്യേറി വീണ്ടും പന്തല്‍ കെട്ടി സമരം. സിപിഐ സംഘടനയായ ജോയിന്റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വീസ് ഓര്‍ഗനൈസേഷനാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരപ്പന്തല്‍ കെട്ടിയത്. സംഘടന നടത്തുന്ന 36 മണിക്കൂര്‍ രാപ്പകല്‍ സമരത്തിന്റെ സമ്മേളന വേദി റോഡിലാണ് നിര്‍മ്മിച്ചത്. പ്രവര്‍ത്തകര്‍ റോഡില്‍ നിറഞ്ഞതോടെ സെക്രേട്ടേറിയറ്റിന് മുന്നില്‍ ഗതാഗത തടസ്സം നേരിട്ടിരുന്നു. ഗതാഗതം നിയന്ത്രിക്കാനായി പൊലീസ് സ്ഥലത്തെത്തിയില്ലെന്നും ആക്ഷേപമുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശങ്ങള്‍ക്കായി ജോയിന്റ് കൗണ്‍സില്‍ സംഘടിപ്പിച്ച 36 മണിക്കൂര്‍ നീളുന്ന രാപ്പകല്‍ സമരം ഇന്നലെ രാവിലെയാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ ആരംഭിച്ചത്. അതിനിടെ, സമരം വാര്‍ത്തയായതോടെ, റോഡ് കയ്യേറി സമരപ്പന്തല്‍ കെട്ടി സമരം നടത്തിയതിന് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെയാണ് കേസെടുത്തത്. സിപിഐ സംഘടന റോഡ് കയ്യേറി സമരപ്പന്തല്‍ കെട്ടിയതും സമരം നടത്തിയതും ദൃശ്യങ്ങളും ചിത്രങ്ങളും സഹിതം ഹൈക്കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന്, നേരത്തെ റോഡ് അടച്ച് പന്തല്‍ കെട്ടിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ച പരാതിക്കാരനായ എന്‍ പ്രകാശ് പറഞ്ഞു. പരാതി കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്. കേസെടുത്തതുകൊണ്ട് കാര്യമില്ല, റോഡ് കയ്യേറി സമരപ്പന്തലോ തോരണങ്ങളോ കെട്ടിയാല്‍ അതെല്ലാം പൊളിച്ചു മാറ്റണമെന്നാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. സമരപ്പന്തല്‍ പൊളിക്കാന്‍ കൂട്ടാക്കാത്ത പൊലീസ് നടപടിയും കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടു വരുമെന്ന് അദ്ദേഹം വ്യക്തമാക്കി

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com