ചേലക്കര: ഡിഎംകെയ്ക്ക് പ്രതീക്ഷിച്ചതുപോലെ വോട്ട് ലഭിച്ചില്ലെന്ന് സ്ഥാനാര്‍ത്ഥി എന്‍ കെ സുധീര്‍ റിപ്പോര്‍ട്ടറിനോട്. ഇനി അധികം വോട്ട് നേടാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്നും കൂടുതല്‍ വോട്ട് പാര്‍ട്ടി പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. ചേലക്കരയിലെ ജനവിധി മാനിക്കുന്നു. എല്‍ഡിഎഫിന്റെ വിജയം അംഗീകരിക്കുന്നു. യു ആര്‍ പ്രദീപിന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ചേലക്കരയിലെ ജനവിധിയില്‍ പാഠം പഠിക്കേണ്ടത് കോണ്‍ഗ്രസാണ്. വയനാട്ടിലും പാലക്കാടും കണ്ടത് സര്‍ക്കാരിനെതിരായ ജനവിധിയാണെന്നും എന്‍ കെ സുധീര്‍ പ്രതികരിച്ചു. ഡിഎംകെ ഒരു മാസം പോലും തികയാത്ത ഒരു പാര്‍ട്ടിയാണ്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോട്ടയില്‍ 4000 വോട്ട് കിട്ടിയാലും നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക വന്നപ്പോള്‍ തന്നെ ഒഴിവാക്കിയതോടെയാണ് പി വി അന്‍വറിന്റെ പാര്‍ട്ടിയുടെ ഭാഗമായി മത്സരിക്കാന്‍ എന്‍ കെ സുധീര്‍ തീരുമാനിച്ചത്.
അതേസമയം, ചേലക്കര മണ്ഡലത്തില്‍ വലിയ ലീഡില്‍ മുന്നിട്ടു നില്‍ക്കുന്നതിന്റെ സന്തോഷത്തിലാണ് ഇടതു സ്ഥാനാര്‍ത്ഥിയു ആര്‍ പ്രദീപ്. തുടക്കം മുതല്‍ പറഞ്ഞ കാര്യമേ ഇപ്പോഴും പറയാനുള്ളൂവെന്നും കേരളത്തില്‍ സര്‍ക്കാര്‍ വിരുദ്ധതയില്ലെന്നും യു ആര്‍ പ്രദീപ് മാധ്യമങ്ങളോട് പറഞ്ഞു. ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളെ ചേര്‍ത്തുപിടിച്ച ചരിത്രമാണ് ചേലക്കരയുടേത്. അത് വീണ്ടും ആവര്‍ത്തിക്കുന്നു. ഇനിയും ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കും. പ്രതീക്ഷിച്ച പോലെയാണ് ലീഡ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇനിയുള്ള പഞ്ചായത്തുകളുടെ ഫലം കൂടി വന്നാല്‍ ബാക്കി പറയാമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാം വട്ടവും ഇടതുപക്ഷ സര്‍ക്കാറിന്റെ ഭരണം സംസ്ഥാനത്ത് വരും എന്നതിന്റെ സൂചനയാണ് ചേലക്കരയില്‍ കാണുന്നതെന്നുമായിരുന്നു കെ രാധാകൃഷ്ണന്‍ എംപിയുടെ പ്രതികരണം. ചേലക്കരയില്‍ യുഡിഎഫ് എല്ലാ കള്ളപ്രചാര വേലകളും ഇറക്കിയിരുന്നു. അതിനെയെല്ലാം അതിജീവിച്ച് ജനങ്ങള്‍ ഇടതുപക്ഷത്തിന് വേണ്ടി അണിനിരന്നു. ഭരണവിരുദ്ധത ഇല്ലെന്നാണ് കാണുന്നത്. ഭരണവിരുദ്ധത പറഞ്ഞുണ്ടാക്കുന്നതാണ്. നിലവിലെ ലീഡ് കാണുമ്പോള്‍ പതിനായിരത്തിലധികം ഭൂരിപക്ഷം നേടുമെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയുമെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com