കണ്ണൂര്‍: എന്റെ സങ്കടക്കുറിപ്പ് എന്ന തലക്കെട്ടോടെ ഒന്നാം ക്ലാസുകാരന്റെ കുറിപ്പ് പങ്കിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഒന്നാം ക്ലാസുകാരന്‍ ആരവിന്‍റെ അച്ഛന്റെ കൈയും കാലും ഒടിഞ്ഞതിന്റെ വേദനയാണ് കുറിപ്പിലുള്ളത്. പിന്നീട് ചേര്‍ത്തു പിടിക്കുന്നു മകനേ എന്ന് പറഞ്ഞുകൊണ്ട് മന്ത്രി തന്നെ സാമൂഹിക മാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെച്ചതോടെ വൈറലായി. ”കുറച്ച് ദിവസങ്ങള്‍ മുമ്പ് എന്റെ അച്ഛന്‍ പണിക്ക് പോയപ്പോള്‍ വാര്‍പ്പിന്റെ മോളില്‍ നിന്ന് താഴേയ്ക്ക് വീണു. കൈയും കാലും ഒടിഞ്ഞിട്ട് ആശുപത്രിയില്‍ ആയി. രാത്രിയാണ് വീട്ടില്‍ വന്നത്. അച്ഛനെ എല്ലാരും കൂടി എടുത്ത് വീട്ടില്‍ കൊണ്ടുവന്ന് കട്ടില്‍ കിടത്തി. അച്ഛനെ കണ്ടതും ഞാന്‍ പൊട്ടിക്കരഞ്ഞു. അച്ഛന്റടുത്ത് കിടന്നു. അതുകണ്ട് ആട ഉണ്ടായര്‍ക്കു സങ്കടായി എല്ലാരും കരഞ്ഞു”. ഇങ്ങനെയാണ് ആരവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. പോത്താങ്കണ്ടം ജിയുപിഎസിലാണ് ആരവ് പഠിക്കുന്നത്. സ്‌കൂളിലെ സര്‍ഗമതിലില്‍ പതിക്കുന്നതിനായി രചനകള്‍ കൊണ്ടുവരണമെന്ന് ക്ലാസ് ടീച്ചര്‍ പറഞ്ഞു. കോണ്‍ക്രീറ്റ് തൊഴിലാളിയായ അച്ഛന്‍ മധു കെട്ടിടത്തില്‍ നിന്ന് വീണു പരിക്കേറ്റ് വീട്ടിലെത്തിച്ച രംഗമാണ് ആരവ് എഴുതിയത്. കുറിപ്പിനൊപ്പം അച്ഛനും മകനും കട്ടിലില്‍ കിടക്കുന്ന രംഗവും ആരവ് വരച്ചു.
ആരവിന്റെ കുറിപ്പ് ക്ലാസ് ടീച്ചറാണ് ആദ്യം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. സംഭവം ശ്രദ്ധയില്‍പ്പെട്ട മന്ത്രി വി ശിവന്‍കുട്ടി ഉടന്‍ തന്നെ പ്രധാന അധ്യാപകനെ വിളിക്കുകയും വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. മന്ത്രി വിളിച്ചതും കുറിപ്പ് ഷെയര്‍ ചെയ്തതും ടീച്ചര്‍ പറഞ്ഞറിഞ്ഞതോടെ ആരവിന്റെ സങ്കടവും മാറി.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com