കല്‍പ്പറ്റ: തിരഞ്ഞെടുപ്പിലെ കന്നിയങ്കത്തിനായി എത്തിയ പ്രിയങ്ക ഗാന്ധിക്ക് വന്‍ സ്വീകരണം നല്‍കി യുഡിഎഫ് പ്രവര്‍ത്തകര്‍. റോഡ്‌ഷോയ്ക്ക് ശേഷം പ്രിയങ്കയുടെ പൊതുപരിപാടി ആരംഭിച്ചു. സോണിയാ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പടെ വേദിയിലുണ്ട്. വയനാടിനെ പ്രതിനിധീകരിക്കാന്‍ കഴിയുന്നത് ആദരമായി കണക്കാക്കുന്നുവെന്ന് പ്രിയങ്ക പറഞ്ഞു. പതിനേഴാം വയസിലാണ് താന്‍ ആദ്യമായി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. വയനാടിന്റെ ഭാഗമാകുന്നത് വലിയ അംഗീകാരമാണെന്നും പ്രിയങ്ക പറഞ്ഞു.
വയനാട്ടിലെ ജനകീയ വിഷയങ്ങളില്‍ ഇടപെടും. ഓരോ ആളുകളുടെയും വീട്ടിലെത്തി പ്രശ്‌നങ്ങള്‍ കേള്‍ക്കും. താന്‍ കാരണം ജനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു. ‘അച്ഛനും അമ്മയ്ക്കും സഹോദരനും വേണ്ടി 35 വര്‍ഷത്തോളം പ്രചാരണം നടത്തി. ആദ്യമായാണ് എനിക്ക് വേണ്ടി പ്രചാരണം. ഈ അവസരം തന്നതിന് കോണ്‍ഗ്രസ് പാര്‍ട്ടിയോടും അധ്യക്ഷന്‍ ഖര്‍ഗെയോടും നന്ദി പറയുന്നു. ഞാന്‍ ചൂരല്‍മലയും മുണ്ടക്കൈയും സന്ദര്‍ശിച്ചിരുന്നു. വയനാടിന്റെ നഷ്ടം നേരിട്ടറിഞ്ഞു. എല്ലാം നഷ്ടപ്പെട്ടവരെ നേരിട്ട് കണ്ടു. വലിയ ദുരന്തത്തെ അവര്‍ നേരിട്ടത് തികഞ്ഞ ധൈര്യത്തോടെയാണ്. ആ ധൈര്യം എന്നെ വല്ലാതെ ആകര്‍ഷിച്ചു. വയനാട് കുടുംബത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമായി കാണുന്നു. വയനാടിന്റെ ഭാഗമാകുന്നത് വലിയ അംഗീകാരമാണ്. വയനാടുമായുള്ള ബന്ധം ഞാന്‍ കൂടുതല്‍ ദൃഢമാക്കും’, പ്രിയങ്ക പറഞ്ഞു.
വലിയ ആവേശത്തോടെയാണ് ന്യൂ ബസ് സ്റ്റാന്റില്‍ നിന്ന് ആരംഭിച്ച പ്രിയങ്കയുടെ റോഡ് ഷോയില്‍ പ്രവര്‍ത്തകര്‍ പങ്കെടുത്തത്. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും കെ സുധാകരനും പി കെ കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പടെ പ്രിയങ്ക ഗാന്ധിക്കൊപ്പം വാഹനത്തിലുണ്ടായിരുന്നു. പതിനായിരങ്ങളാണ് റോഡ് ഷോയുടെ ഭാഗമായത്. മൂവര്‍ണ നിറത്തിലുള്ളതും ഹരിത വര്‍ണത്തിലുമുള്ള ബലൂണുകള്‍ ഉയര്‍ത്തിയാണ് പ്രവര്‍ത്തകര്‍ ആവേശം പങ്കുവെച്ചത്. കനത്ത ചൂടും വെയിലും വക വെക്കാതെയാണ് റോഡ് ഷോ കടന്നുപോകുന്ന വഴികളില്‍ ആളുകള്‍ തടിച്ചുകൂടിയത്.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com