
തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ച സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പും പോലീസും അന്വേഷണം ശക്തമാക്കി. വിഴിഞ്ഞത്തെ ‘അസ്മാക്’ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച കൊല്ലം സ്വദേശികളായ റഷീദാ ബീവി (58), മരുമകൻ ഷാജി എന്നിവരാണ് മരിച്ചത്. ഷാജിയുടെ ഭാര്യ സജീന സമാന ലക്ഷണങ്ങളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.കണവ തോരൻ, മീൻ മുട്ട, കപ്പ, പൊറോട്ട എന്നിവയാണ് ഇവർ കഴിച്ചതെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കണ്ണൻ പറഞ്ഞു. ഭക്ഷണം കഴിഞ്ഞ് മടങ്ങുന്നതിനിടെ റഷീദാ ബീവിക്ക് നെഞ്ചുവേദനയും ശാരീരിക തളർച്ചയും അനുഭവപ്പെടുകയും പിന്നാലെ ഷാജിക്ക് കടുത്ത ശർദ്ദിയും അനുഭവപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന കുട്ടികൾക്ക് നിലവിൽ ആരോഗ്യപ്രശ്നങ്ങളില്ല.സംഭവത്തെത്തുടർന്ന് അസ്മാക് ഹോട്ടൽ ഭക്ഷ്യസുരക്ഷാ വകുപ്പ് താൽക്കാലികമായി അടപ്പിച്ചു. ഭക്ഷണ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മരണകാരണം ഭക്ഷ്യവിഷബാധയാണോ അതോ ഏതെങ്കിലും തരത്തിലുള്ള അലർജിയാണോ എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാലേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
