Sunday, March 1News That Matters
Shadow

ദീപക്കിന്റെ മരണം: പ്രതി ഷിംജിതയെ കസ്റ്റഡിയിൽ ലഭിക്കാൻ പോലീസ് അപേക്ഷ നൽകി

കോഴിക്കോട് സ്വദേശി ദീപക്കിന്റെ ആത്മഹത്യയ്ക്ക് കാരണമായ സോഷ്യൽ മീഡിയ വിചാരണാ കേസിൽ പ്രതി ഷിംജിത മുസ്തഫയെ പോലീസ് കസ്റ്റഡിയിൽ ലഭിക്കാനുള്ള അപേക്ഷ കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. നേരത്തെ ഷിംജിതയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. പ്രതി സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന പോലീസ് റിപ്പോർട്ട് പരിഗണിച്ചാണ് ജാമ്യം നിഷേധിച്ചത്. നിലവിൽ മഞ്ചേരി സബ് ജയിലിൽ റിമാൻഡിലാണ് ഷിംജിത. പ്രതിയെ കസ്റ്റഡിയിൽ ലഭിച്ചാൽ സംഭവദിവസം യാത്ര ചെയ്ത സ്വകാര്യ ബസിൽ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ദീപക്കിനെതിരെ ഉന്നയിച്ച ആരോപണങ്ങളിലും വീഡിയോ ചിത്രീകരിച്ച സാഹചര്യത്തിലും കൂടുതൽ വ്യക്തത വരുത്തുന്നതിനായി ഷിംജിതയെ വിശദമായി ചോദ്യം ചെയ്യും. ഷിംജിതയുടെ ഫോണിൽ നിന്ന് കണ്ടെത്തിയ ദൃശ്യങ്ങൾ എഡിറ്റ് ചെയ്യപ്പെട്ടതാണെന്ന സംശയത്തെ തുടർന്ന് മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വീഡിയോ എഡിറ്റ് ചെയ്യുന്നതിൽ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ അല്ലെങ്കിൽ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ബസ് ജീവനക്കാരുടെയും മറ്റ് യാത്രക്കാരുടെയും മൊഴികൾ പോലീസ് ഇതിനോടകം ശേഖരിച്ചു കഴിഞ്ഞു. ഷിംജിതയുടെ ആരോപണങ്ങളെ തള്ളുന്ന തരത്തിലുള്ള മൊഴികളാണ് സാക്ഷികളിൽ പലരും നൽകിയിട്ടുള്ളതെന്നാണ് വിവരം. സമൂഹവിചാരണ എന്ന ലക്ഷ്യത്തോടെയാണ് ഷിംജിത വീഡിയോ പ്രചരിപ്പിച്ചതെന്ന പ്രൊസിക്യൂഷൻ വാദം കോടതി നേരത്തെ അംഗീകരിച്ചിരുന്നു. പ്രതിയെ കസ്റ്റഡിയിൽ ലഭിക്കുന്നതോടെ കേസിൽ കൂടുതൽ നിർണ്ണായക വിവരങ്ങൾ പുറത്തുവരുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL