
വയനാട് കേരള-കര്‍ണാടക അതിര്‍ത്തിയായ തോല്‍പ്പെട്ടിയില്‍ രേഖകളില്ലാത്ത ലക്ഷക്കണക്കിന് രൂപയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കോഴിക്കോട് കൊടുവള്ളി നല്ലൂറമ്മല്‍ വീട്ടില്‍ മുഹമ്മദ് സാമ്റിന്‍ ആണ് 30,93,900 രൂപയുമായി പിടിയിലായത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ചെക്പോസ്റ്റിലെത്തിയ ബംഗളൂരു-കോഴിക്കോട് സ്വകാര്യ ബസ്സിലെ യാത്രക്കാരനായിരുന്നു ഇയാള്‍. എക്സൈസ് സംഘം നടത്തിയ പതിവ് മയക്കുമരുന്ന് പരിശോധനക്കിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട മുഹമ്മദ് സാമ്റിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പണം കണ്ടെത്തിയത്. പണത്തിന്റെ ഉറവിടം വ്യക്തമാക്കുന്ന രേഖകളൊന്നും ഹാജരാക്കാന്‍ ഇയാള്‍ക്ക് സാധിച്ചിരുന്നില്ല. തുടര്‍ന്ന് എക്സൈസ് സംഘം പണം പിടിച്ചെടുത്ത് എണ്ണിത്തിട്ടപ്പെടുത്തുകയും യുവാവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. റേഞ്ച് ഇന്‍സ്പെക്ടര്‍ കെ. ശശി, പ്രിവന്റീവ് ഓഫീസര്‍മാരായ കെ. ജോണി, വി. ബാബു, സി.കെ. രഞ്ജിത്ത്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.എസ്. സുഷാദ്, കെ. റഷീദ് എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. പിടികൂടിയ തുക തുടര്‍നടപടികള്‍ക്കായി ആദായ നികുതി വകുപ്പിന് കൈമാറുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
