പയ്യാവൂരില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർത്ഥിനി അയോന മോണ്‍സന്‍ (17) അന്തരിച്ചു. പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിലെ സയൻസ് വിഭാഗം വിദ്യാർത്ഥിനിയായ അയോനയ്ക്ക് ഇന്നലെ രാത്രിയോടെ മസ്തിഷ്ക മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. വേർപാടിന്റെ വേദനയിലും ലോകത്തിന് മാതൃകയാവുകയാണ് അയോനയുടെ കുടുംബം. കുട്ടിയുടെ അവയവങ്ങൾ തലശേരി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ ചികിത്സയിലുള്ള നാലുപേർക്കായി ദാനം ചെയ്യും.കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ലാബ് പരീക്ഷയടക്കം നടക്കാനിരിക്കെ സ്കൂളിലെത്തിയ അയോന, മൂന്നാം നിലയിലുള്ള ക്ലാസ് മുറിയിൽ നിന്നും പുറത്തിറങ്ങി കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കുടുംബപരമായ ചില കാരണങ്ങളാൽ വിദ്യാർത്ഥിനി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിഷാദത്തിലായിരുന്നുവെന്ന് പോലീസ് പ്രാഥമികമായി വിലയിരുത്തുന്നു. അയോനയുടെ അമ്മ ജോലി ആവശ്യത്തിനായി വിദേശത്തേക്ക് പോകാനിരുന്നതും ഇതുമൂലമുള്ള മാനസിക വിഷമവുമാകാം ഇത്തരമൊരു കടുംകൈക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസിന് ലഭിച്ച വിവരം.

