ചാലക്കുടി: കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിന് കുറുകെ കാർ നിർത്തി ഡ്രൈവറെ മർദ്ദിക്കുകയും ബസിന്റെ താക്കോലെടുത്ത് കടന്നുകളയുകയും ചെയ്ത സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. തങ്ങളുടെ കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു അക്രമിസംഘത്തിന്റെ അതിക്രമം.തുറവൂര്‍ കിടങ്ങൂര്‍ കവരപറമ്പില്‍ വീട്ടില്‍ എബിന്‍ (39), കറുകുറ്റി കരയാംപറമ്പ് പുളിയിനം വീട്ടില്‍ ബെല്‍ജോ (39), അങ്കമാലി പീച്ചാനിക്കാട് പറമ്പി വീട്ടില്‍ ഷിന്റോ (39) എന്നിവരെയാണ് ചാലക്കുടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.ഇക്കഴിഞ്ഞ 26-ന് രാത്രി 11.45-ഓടെ ചാലക്കുടി സൗത്ത് ഫ്‌ളൈ ഓവറിന് സമീപം സര്‍വീസ് റോഡിലായിരുന്നു സംഭവം. പ്രതികൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കെഎസ്‌ആര്‍ടിസി ബസിന് കുറുകെ കാർ കൊണ്ടുവന്ന് നിർത്തുകയായിരുന്നു. തുടർന്ന് ഡ്രൈവറായ തൊടുപുഴ സ്വദേശി അബ്ദുള്‍ ഷുക്കൂറിനെ (53) സംഘം മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതിന് ശേഷം ബസിന്റെ താക്കോല്‍ ബലമായി ഊരിയെടുത്ത് ഇവർ പോവുകയായിരുന്നു.ഡ്രൈവറുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ബസ് ട്രിപ്പ് മുടക്കിയതിനും ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതികള്‍ക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്.

