Saturday, January 10News That Matters
Shadow

മാനന്തവാടിയിൽ വൻ മയക്കുമരുന്ന് വേട്ട; MDMAയുമായി വേങ്ങര സ്വദേശി പിടിയിൽ

മാനന്തവാടി: പുതുവത്സരാഘോഷങ്ങൾ ലക്ഷ്യമിട്ട് കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി മലപ്പുറം സ്വദേശി വയനാട്ടിൽ പിടിയിലായി. വേങ്ങര കണ്ണമംഗലം പള്ളിയാൽ വീട്ടിൽ സക്കീർ ഹുസൈനെയാണ് (31) തിരുനെല്ലി പോലീസും ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. ശനിയാഴ്ച പുലർച്ചെ കാട്ടിക്കുളം പോലീസ് എയ്ഡ് പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ വലയിലായത്. ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരനായിരുന്നു സക്കീർ ഹുസൈൻ. സംശയം തോന്നി നടത്തിയ പരിശോധനയിൽ ഇയാളുടെ പാന്റിന്റെ പോക്കറ്റിൽ നിന്നാണ് 31.191 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്നതും കൊമേഴ്‌സ്യൽ അളവിലുള്ളതുമായ മയക്കുമരുന്നാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. പുതുവത്സരത്തോടനുബന്ധിച്ച് ലഹരിക്കടത്ത് തടയുന്നതിനായി ജില്ലാ പോലീസ് മേധാവി നൽകിയ കർശന നിർദ്ദേശത്തെത്തുടർന്ന് അതിർത്തികളിൽ പരിശോധന ശക്തമാക്കിയിരുന്നു. എസ്.ഐ എം.എ സനിൽ, എ.എസ്.ഐ മനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ലഹരിവേട്ടയ്ക്ക് നേതൃത്വം നൽകിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL