ഷുഹൈബ് വധക്കേസ് പ്രതി കെ സഞ്ജയ് കണ്ണൂർ മട്ടന്നൂരില്‍ എംഡിഎംഎയുമായി പിടിയില്‍. ഒപ്പം അഞ്ച് പേർക്കൊപ്പം 27 ഗ്രാം എംഡിഎംഎയും പിടികൂടിയിട്ടുണ്ട്. ചാലോട് ഉള്ള ഒരു ലോഡ്ജില്‍ നിന്നാണ് ആറംഗ സംഘത്തെ ഇന്നലെ രാത്രി പിടികൂടിയത്. ഉപയോഗവും വില്‍പനയും ഉണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സംഘത്തില്‍ രജിന രതീഷ് എന്ന യുവതിയുമുണ്ട്. ഷുഹൈബ് വധക്കേസിലെ പ്രതിയാണ് പിടിയിലായിരിക്കുന്ന സഞ്ജയ്. 27.82 ഗ്രാം എംഡിഎംഎ ആണ് പിടിച്ചത്. ഇന്നലെ തന്നെ ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇന്ന് കോടതിയില്‍ ഹാജരാക്കും. മട്ടന്നൂർ കേന്ദ്രീകരിച്ചുളള ലഹരിവില്‍പനയിലെ മുഖ്യ കണ്ണികളാണ് ഇവരെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ആവശ്യക്കാരെ ലോഡ്ജില്‍ എത്തിച്ച് അവിടെ നിന്ന് ലഹരി കൈമാറുന്നു എന്ന വിവരമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്.