Thursday, September 18News That Matters
Shadow

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവതി പിടിയില്‍

കൊല്ലം: ന്യൂസിലാന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഘത്തിലെ യുവതി പിടിയില്‍. ഈസ്റ്റ് കല്ലട മണിവീണ വീട്ടില്‍ എറണാകുളം സൗത്ത് പാലാരിവട്ടത്ത് താമസിക്കുന്ന ചിഞ്ചു അനീഷിനെ പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.പുനലൂര്‍ സ്വദേശിയുടെ പരാതിയിലാണ് നടപടി. കേസിലെ നാലാം പ്രതിയാണ് ചിഞ്ചു. കേസില്‍ മറ്റ് രണ്ടു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.പുന്നല കറവൂര്‍ ചരുവിള പുത്തന്‍ വീട്ടില്‍ ജി.നിഷാദില്‍ നിന്ന് 2023ലാണ് നാലംഗ സംഘം പണം തട്ടിയെടുത്തത്. മാസം രണ്ട് ലക്ഷം ശമ്പളം ലഭിക്കുന്ന ജോലിയാണ് ഉറപ്പ് നല്‍കിയത്. ന്യൂസിലാന്‍ഡില്‍ 45 ദിവസത്തിനകം കപ്പലില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പല തവണയായി 11.5 ലക്ഷം രൂപ പ്രതികള്‍ തട്ടിയെടുത്തു. ഒറിജിനലിലെ വെല്ലുന്ന വ്യാജ രേഖകള്‍ ചമച്ചായിരുന്നു നിഷാദിനെ വിശ്വസിപ്പിച്ചത്.

തട്ടിപ്പ് സംഘത്തിലെ ഒന്നാം പ്രതി ബിനില്‍കുമാര്‍ എം.ഡിയായി പെരുമ്പാവൂര്‍ ആസ്ഥാനമായുള്ള ഫ്‌ലൈ വില്ലോ ട്രീ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. 2023 മേയില്‍ ഫേസ് ബുക്കിലൂടെയുള്ള പരസ്യം കണ്ടാണ് നിഷാദ് സ്ഥാപനവുമായി ബന്ധപ്പെട്ട് പണം നല്‍കിയത്.ഗൂഗിള്‍ മീറ്റിലൂടെ ഇന്റര്‍വ്യൂ നടത്തി വ്യാജ ഓഫറിംഗ് ലെറ്ററും നല്‍കി. മാസങ്ങള്‍ കഴിഞ്ഞിട്ടും പോകാന്‍ കഴിയാതായപ്പോഴാണ് തട്ടിപ്പാണെന്ന് അറിഞ്ഞത്. നിഷാദിന്റെ പരാതിയില്‍ ഒന്നാം പ്രതി ബിനില്‍ കുമാറിനെ നേരത്തെ പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്റര്‍വ്യൂ നടത്തിയതും വ്യാജ ഓഫര്‍ ലെറ്റര്‍ നല്‍കിയതും ചിഞ്ചുവാണെന്ന് പൊലീസ് പറഞ്ഞു. ചിഞ്ചുവും ഭര്‍ത്താവ് അനീഷും സമാനമായ മറ്റൊരു കേസില്‍ 2023ല്‍ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയ വഴി പരസ്യം നല്‍കി ഇരകളെ കണ്ടെത്തുന്നതായിരുന്നു പ്രതികളുടെ രീതി.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL