ബംഗളൂരു: കർണാടക പൊലീസിന്റെ പുതിയ മേധാവിയായി എം.അബ്ദുല്ല സലീമിനെ നിയമിച്ചു. 1993 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് സലീം. അലോക് മോഹന്റെ പകരക്കാരനായാണ് സലീം എത്തുന്നത്. 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു അലോക് മോഹന്‍.കർണാടകയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച ഐപിഎസ് ഉദ്യോഗസ്ഥനാണ് മോഹൻ. 38 വര്‍ഷത്തിലേറെ അദ്ദേഹത്തിന്റെ സേവനം കര്‍ണാടകക്ക് ലഭിച്ചിട്ടുണ്ട്. ഇന്നലെ(ബുധനാഴ്ച) വൈകീട്ട് തന്നെ സലീം ചുമതല ഏറ്റെടുത്തു. ബെംഗളൂരുവിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി), സ്‌പെഷ്യൽ യൂണിറ്റുകൾ, സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവയുടെ ഡിജിപിയായും അദ്ദേഹം തുടരും.
ആരാണ് എം.എ സലീം?

32 വർഷത്തെ കരിയറിൽ 26 വ്യത്യസ്ത വേഷങ്ങളിൽ സേവനമനുഷ്ഠിച്ചാണ് സലീം, കര്‍ണാടക പൊലീസിന്റെ തലപ്പത്ത് എത്തുന്നത്. വടക്കൻ ബെംഗളൂരുവിലെ ചിക്കബനവാരയില്‍ 1966ലാണ് സലിം ജനിച്ചത്. കൊമേഴ്‌സിലും പൊലീസ് മാനേജ്‌മെന്റിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട് അദ്ദേഹം. ഗതാഗത ക്കുരുക്ക് തലവേദനായ ബെംഗളൂരുവില്‍ അത് പരിഹരിക്കുന്നില്‍ ഇദ്ദേഹം നല്‍കിയ സംഭാവനകള്‍ വ്യാപകമായി അംഗീകരിക്കപ്പെടുന്നുണ്ട്. ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ട്രാഫിക്, ഈസ്റ്റ്) എന്ന നിലയിലായിരുന്നു നഗരത്തിലെ ഗതാഗത പ്രശ്നങ്ങളില്‍ അദ്ദേഹം ഇടപെട്ടിരുന്നത്. പിന്നീട് അഡീഷണൽ പൊലീസ് കമ്മീഷണർ (ട്രാഫിക് ആൻഡ് സെക്യൂരിറ്റി) ആയും പിന്നീട് സ്പെഷ്യൽ പൊലീസ് കമ്മീഷണർ (ട്രാഫിക്) ആയും സേവനമനുഷ്ഠിച്ചു. അതിനാല്‍ തന്നെ നഗരത്തിലെ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന മുക്കും മൂലയും ഇദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. 2022ല്‍ അന്നത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ബെംഗളൂരുവിന്റെ രൂക്ഷമായ ഗതാഗത പ്രശ്നം പരിഹരിക്കുന്നതിനായി അദ്ദേഹത്തെ സ്പെഷ്യൽ കമ്മീഷണർ ഓഫ് പൊലീസ് ആയി നിയമിച്ചിരുന്നു. ബെംഗളൂരുവിലെ ട്രാഫിക് പൊലീസ് മേധാവിയായിരിക്കെയാണ് 122 റോഡുകളിൽ വൺ-വേ സംവിധാനങ്ങൾ അദ്ദേഹം കൊണ്ടുവരുന്നത്. സേഫ് റൂട്ട്സ് ടു സ്കൂൾ പദ്ധതി, ഓട്ടോമേറ്റഡ് ട്രാഫിക് ചലാൻ സിസ്റ്റം, ലോക്കൽ ഏരിയ ട്രാഫിക് മാനേജ്മെന്റ് പ്ലാനുകൾ, ‘പബ്ലിക് ഐ ‘ പോലുള്ള പദ്ധതികൾ നടപ്പിലാക്കിയും അദ്ദേഹം മിടുക്ക് കാട്ടിയിരുന്നു.2017ൽ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലും സലീം കരസ്ഥമാക്കിയിട്ടുണ്ട്. വായനയിൽ അതീവ താല്പര്യമുള്ള സലീം, മെട്രോപൊളിറ്റൻ നഗരങ്ങളിലെ ട്രാഫിക് മാനേജ്മെന്റിനെ ക്കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ രചയിതാവും ഡെക്കാൻ ഹെറാൾഡില്‍ സ്ഥിരം കോളമിസ്റ്റുമാണ്.