Thursday, September 18News That Matters
Shadow

പ്രവാസിപ്രശ്നങ്ങളില്‍ നിയമനിര്‍മ്മാണം പരിഗണനയില്‍: മന്ത്രി വി അബ്ദുറഹിമാന്‍

ലോക കേരളസഭയിലുള്‍പ്പെടെ പ്രവാസികേരളീയര്‍ ഉന്നയിച്ച വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി നിയമനിര്‍മ്മാണം ഉള്‍പ്പെടെ സര്‍ക്കാര്‍ പരിഗണനയിലാണെന്ന് കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍. വ്യാവസായിക രംഗത്ത് കൂടുതല്‍ നിക്ഷേപമിറക്കാന്‍ പ്രവാസികള്‍ മുന്നോട്ടുവരണം. ഇക്കാര്യത്തില്‍ എല്ലാ പിന്തുണയുമായി സംസ്ഥാന സര്‍ക്കാര്‍ കൂടെയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ നിന്ന് അവര്‍ നേടിയ മികച്ച അനുഭവങ്ങളും നൈപുണ്യവും ഈ മേഖലയില്‍ ഉപയോഗപ്പെടുത്താന്‍ കഴിയണം. നോര്‍ക്ക റൂട്ട്‌സും ലോക കേരള സഭയും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര പ്രവാസി ദിനാചരണം കോഴിക്കോട് ഹോട്ടല്‍ മലബാര്‍ പാലസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു പ്രവാസി സമൂഹങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്വന്തം നാടിനെയും പാരമ്പര്യത്തെയും മറക്കാത്ത പ്രവാസികള്‍ കേരളത്തിന്റെ അഭിമാനമാണെന്നും മന്ത്രി പറഞ്ഞു.

ലോകമെമ്പാടുമുളള പ്രവാസി സമൂഹത്തിന്റെ സമര്‍പ്പണത്തിനും ത്യാഗത്തിനും ആദരവ് നല്‍കുന്ന ദിനമാണെന്ന് ചടങ്ങില്‍ ആശംസ അറിയിച്ച് അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. സാമ്പത്തിക-സാംസ്കാരിക ബന്ധങ്ങള്‍ക്കുപുറമേ പരസ്പര സൗഹൃദം ശക്തിപ്പെടുത്തുന്നതിലും പ്രവാസികള്‍ക്കു പങ്കുണ്ട്. പ്രവാസികളോട് നീതി പുലര്‍ത്തേണ്ടത് സംസ്ഥാനത്തിന്റെ കടമയാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവാസികളുടെ പ്രശ്നങ്ങള്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ കണ്ട് പരിഹരിക്കുന്നതിന് എന്നും മുന്‍കൈയെടുക്കന്ന സംസ്ഥാനമാണ് കേരളമെന്ന് ആശംസയറിയിച്ച് സംസാരിച്ച ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ യും അഭിപ്രായപ്പെട്ടു. പ്രവാസസൗഹൃദ സമൂഹമാണ് കേരളമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി സാമ്പത്തികപുനരേകീകരണ പദ്ധതികളും പെന്‍ഷനും നടപ്പിലാക്കുന്ന രാജ്യത്തെ ഏക ഇടമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. നോര്‍ക്ക വകുപ്പ് സെക്രട്ടറി ഡോ. കെ വാസുകി, ലോക കേരള സഭ സെക്രട്ടേറിയറ്റ് ഡയരക്ടര്‍ ആസിഫ് കെ യൂസഫ് എന്നിവര്‍ സംസാരിച്ചു. നോര്‍ക്ക പദ്ധതികളുടെ അവതരണം നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശേരി നിര്‍വഹിച്ചു. തുടര്‍ന്ന് വിവിധ നോര്‍ക്ക പദ്ധതി ഗുണഭോക്താക്കള്‍ അനുഭവം പങ്കുവച്ചു.

മാറുന്ന കുടിയേറ്റത്തിലും പുനരധിവാസത്തിലും പ്രവാസി സംഘടനകളുടെ പങ്ക് എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ലോക കേരള സഭ സെക്രട്ടറിയേറ്റ് ഡയറക്ടര്‍ ആസിഫ് കെ യൂസഫ് മോഡറേറ്ററായി. കേരള പ്രവാസി സംഘം പ്രസിഡന്റ് ഗഫൂര്‍ പി ലില്ലിസ്, പ്രവാസി കോണ്‍ഗ്രസ് പ്രസിഡന്റ് ദിനേശ് ചന്ദന, പ്രവാസി ഫെഡറേഷന്‍ പ്രസിഡന്റ് ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ, ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രസിഡന്റ് നിസാര്‍ തളങ്കര, പ്രവാസി ലീഗ് പ്രസിഡന്റ് ഹനീഫ മുനിയൂര്‍, കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബാബു കരിപ്പാല, മറ്റ് പ്രവാസി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL