Thursday, September 18News That Matters
Shadow

‘അനക്കമില്ല, തീറ്റപോലും എടുക്കാതെ ഇരുതലമൂരി’, കണ്ടെത്തിയത് ഗുരുതര ട്യൂമർ, ഫലം കണ്ട് മൃഗശാലയിലെ ചികിത്സ

തിരുവനന്തപുരം: അവശനിലയിൽ വനംവകുപ്പ് കണ്ടെത്തിയ ഇരുതല മൂരിയെ പരിശോധിച്ചപ്പോൾ കണ്ടെത്തിയത് അപൂർവ ഇനം ട്യൂമർ. റെഡ് സാൻഡ് ബോവ ഇനത്തിലുള്ള ഇരുതല മൂരി തീറ്റ പോലും എടുക്കാത്ത സാഹചര്യത്തിലാണ് ഇതിനെ തിരുവനന്തപുരം മൃഗശാലയിൽ ചികിത്സയ്ക്കായി എത്തിച്ചത്. ഒക്ടോബർ ആദ്യ ആഴ്ചയാണ് ഇരുതല മൂരിയെ മൃഗശാലയിലെത്തിച്ചത്. തീറ്റയെടുക്കാതെ വന്നതോടെ വായിലൂടെ ട്യൂബിട്ട് ഭക്ഷണം നൽകാനുള്ള ശ്രമിക്കുമ്പോഴാണ്  വായിൽ ഒരു വളർച്ച ശ്രദ്ധിക്കുന്നത്. ഉടനേ തന്നെ ഇതന്റെ സാംപിൾ ശേഖരിച്ച് പരിശോധനയ്ക്ക് വിധേയമാക്കുമ്പോഴാണ് ഇത് ട്യൂമറാണെന്ന് വ്യക്തമായത്. ഫൈൻ നീഡിൽ ആസ്പിരേഷൻ ടെസ്റ്റ് എന്ന രീതിയിലായിരുന്നു സാംപിൾ ശേഖരിച്ചത്.  മാസ്റ്റ് സെൽ ട്യൂമർ എന്ന ഇനം ക്യാൻസറായിരുന്നു നാല് വയസ് പ്രായമുള്ള ആൺ ഇരുതലമൂരിയെ ബാധിച്ചത്. അടുത്ത ആഴ്ച മുതൽ തന്നെ ചികിത്സ തുടങ്ങാനായി മുംബൈയിലെ ക്യാൻസർ റിസർച്ച് സെന്ററിന്റെ നിർദ്ദേശം തേടിയിരുന്നു. എന്നാൽ മാസ്റ്റ് സെൽ ട്യൂമറ് ബാധിച്ച മൃഗങ്ങള്  ചികിത്സയോട് കാര്യമായി പ്രതികരിച്ചു കണ്ടില്ലെന്നായിരുന്നു തിരുവനന്തപുരം മൃഗശാലയിലെ ആരോഗ്യ വിദഗ്ധർക്ക് ലഭിച്ചത്.  പ്രതീക്ഷ കൈവിടാതിരുന്ന ആരോഗ്യ വിദഗ്ധർ ഒക്ടോബർ 14ഓടെ ചികിത്സ ആരംഭിച്ചു. കീമോ തെറാപ്പിക്ക് ഉപയോഗിക്കുന്ന സൈക്ലോഫോസ്ഫോമേഡ് എന്ന ഇൻജക്ഷനാണ് ഇരുതല മൂരിക്ക് നൽകിയത്. പുതിയ പ്രോട്ടോക്കോൾ കണ്ടെത്തിയായിരുന്നു ഇതെന്നാണ് മൃഗശാലയിലെ വെറ്റിനറി സർജൻ ഡോ. നികേഷ് കിരൺ  ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് വിശദമാക്കിയത്.  മൂന്നാഴ്ച കൊണ്ട് തന്നെ ഇരുതലമൂരി ചികിത്സയോട് മികച്ച രീതിയിൽ പ്രതികരിച്ച് തുടങ്ങി. നല്ല രീതിയിൽ തന്നെ വായിലെ ട്യൂമർ കുറയുകയും ചെയ്തു. സിടി പരിശോധന നടത്തിയപ്പോൾ ക്യാൻസർ പടരുന്നതിലും വലിയ രീതിയിലുള്ള കുറവുണ്ടെന്ന് വ്യക്തമായി. മൃഗങ്ങളിൽ എല്ലാ തരത്തിലുള്ള ക്യാൻസർ വരാറുണ്ട്. മുംബൈയിൽ മൃഗങ്ങളിലെ ക്യാൻസർ ചികിത്സയ്ക്കായി മാത്രം പ്രവർത്തിക്കുന്ന ക്യാൻസർ വെറ്റ് എന്ന ആശുപത്രിയിലെ ക്യാൻസർ വിദഗ്ധൻ ഡോ നുപൂർ ദേശായിയുടെ നിർദ്ദേശത്തിന്റെ സഹായത്തോടെയാണ് ഇരുതലമൂരിക്ക് തിരുവനന്തപുരത്ത് ചികിത്സ നൽകിയതെന്നും ഡോ നികേഷ് കിരൺ വിശദമാക്കുന്നത്. 

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL