Wednesday, September 17News That Matters
Shadow

ഉമര്‍ ഫൈസി മുക്കത്തെ പിന്തുണച്ച്‌ 10 മുശാവറ അംഗങ്ങള്‍

പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെ മോശം പരാമർശം നടത്തിയെന്ന വിവാദത്തില്‍ സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തെ പിന്തുണച്ച്‌ 10 മുശാവറ അംഗങ്ങള്‍. മതവിധി പറയുന്ന പണ്ഡിതന്മാരുടെ പ്രഭാഷണങ്ങളെ വളച്ചൊടിച്ചും തെറ്റായ വിധത്തില്‍ ചിത്രീകരിച്ചും പൊലീസ് നടപടിയിലേക്ക് വലിച്ചിഴക്കുന്ന രീതി ഖേദകരമാണെന്ന് സംയുക്ത പ്രസ്താവനയില്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പ്രവാചക കുടുംബത്തെ ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രവണത സമീപ കാലത്തായി സമുദായത്തിനകത്ത് വർധിച്ചു വരുന്നതായും പ്രസ്താവനയില്‍ പറഞ്ഞു.

മുശാവറ അംഗങ്ങളുടെ സംയുക്ത പ്രസ്താവന:

മതവിധി പറയുന്ന പണ്ഡിതന്മാരുടെ പ്രഭാഷണങ്ങളെ വളച്ചൊടിച്ചും തെറ്റായ വിധത്തില്‍ ചിത്രീകരിച്ചും പൊലീസ് നടപടിയിലേക്ക് വലിച്ചിഴക്കുന്ന രീതി ഖേദകരമാണ്. മതത്തിന്റെ നിയമങ്ങളും വ്യവസ്ഥകളും വിശ്വാസികളെ ബോധ്യപ്പെടുത്തുക എന്നത് പണ്ഡിത ധർമമാണ്. സമസ്‌ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിന് നേരെ നടന്നു കൊണ്ടിരിക്കുന്ന ദുഷ് പ്രചാരണങ്ങളും അദ്ദേഹത്തിനെതിരെ പൊലീസ് കേസ് കൊടുത്ത നടപടിയും അംഗീകരിക്കാനാവില്ല. മത പണ്ഡിതന്മാരെയും സമൂഹം ഏറെ ആദരിക്കുന്ന പ്രവാചക കുടുംബത്തെയും ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രവണത സമീപ കാലത്തായി സമുദായത്തിനകത്ത് വർധിച്ചു വരുന്നത് ആശങ്ക ഉളവാക്കുന്നു. സമസ്‌ത പ്രസിഡന്‍റ് ഉള്‍പ്പടെയുള്ള പണ്ഡിതന്മാർക്കും സംഘടനക്കും നേരെ കഴിഞ്ഞ ഏതാനും മാസങ്ങളായി ദുഷ്പ്രചരണം നടക്കുകയാണ്. രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദിത്തപെട്ട ആളുകള്‍ പോലും ഇതില്‍ ഭാഗഭാക്കാകുന്നു. മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഉള്‍പെടെ ഉത്തവാദിത്വപ്പെട്ട നേതാക്കള്‍ നിരന്തരം ഇതാവർത്തിക്കുന്നതില്‍ സമസ്‌ത നേതൃത്വം നേരെത്തെ പ്രതിഷേധം അറിയിച്ചതാണ്. ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നത് സുന്നി വിശ്വാസികളെ പ്രയാസപ്പെടുത്തിയ കാര്യമാണ്. കേരള മുസ്ലിംകളിലെ സിംഹഭാഗത്തെ പ്രധിനിധികരിക്കുന്ന സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ശാക്തീകരണത്തെ തടയിടുന്നതില്‍ സലഫി – ജമാഅത്ത് -തീവ്രവാദ സംഘടനകള്‍ എക്കാലവും ശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ സുന്നികളുമായുള്ള ആശയപരമായ പോരാട്ടത്തില്‍ ദയനീയമായി പരാജയപ്പെട്ട ഇസ്ലാമിലെ പരിഷ്കരണ വാദികള്‍ എന്നറിയപ്പെടുന്ന ഈ വിഭാഗം സമസ്തയുടെ ഘടനാപരമായ പ്രവർത്തനങ്ങളിലും സ്ഥാപനങ്ങളിലും നുഴഞ്ഞു കയറുകയും ഇടപെടുകയും ചെയ്യുന്നതിന്‍റെ അനന്തരഫലമാണ് സുന്നി പ്രാസ്ഥാനിക രംഗത്ത് ഇന്ന് നിലനില്‍ക്കുന്ന അസ്വസ്ഥതകള്‍ക്ക് നിമിത്തമായിട്ടുള്ളത്.

സി.ഐ.സി വിഷയത്തില്‍ സയ്യിദ് സ്വാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും ഉള്‍പെടെയുള്ള മധ്യസ്ഥന്മാർ പലവട്ടം എടുത്ത മധ്യസ്ഥ തീരുമാനങ്ങള്‍ നിഷ്കരുണം തള്ളിക്കളഞ്ഞെന്ന് മാത്രമല്ല മധ്യസ്ഥന്മാർ വീണ്ടും ചർച്ച ചെയ്യാനിരിക്കെയാണ് മാറ്റി നിർത്തപ്പെട്ടയാളെ വീണ്ടും ജനറല്‍ സെക്രട്ടറിയായി അവരോധിച്ചത്. ഇതെല്ലാം തിരിച്ചറിഞ്ഞു കൊണ്ട് സമുദായത്തിനിടയിലെ ഐക്യം നിലനിർത്തിയും സുന്നത്ത് ജമാഅത്തിന്‍റെ ആദർശത്തിനും നിലപാടുകള്‍ക്കും പ്രധാന്യം നല്‍കിയും ഒറ്റക്കെട്ടായി മുന്നോട്ടു പോകാൻ എല്ലാവർക്കും കഴിയണം.

പ്രസ്താവനയില്‍ ഒപ്പുവെച്ച സമസ്ത കേന്ദ്ര മുശാവറ അംഗങ്ങള്‍:

1. യു.എം അബ്ദുറഹ്മാൻ മുസ്ലിയാർ

2. വാക്കോട് മൊയ്തീൻ കുട്ടി ഫൈസി

3. എ.വി അബ്ദുറഹ്മാൻ മുസ്ലിയാർ

4. ഒളവണ്ണ അബൂബക്കർ ദാരിമി

5. പി.എം അബ്ദുസ്സലാം ബാഖവി വടക്കേക്കാട്

6. ഐ.ബി ഉസ്മാൻ ഫൈസി എറണാകുളം

7. ബി.കെ അബ്ദുല്‍ ഖാദർ മുസ്ലിയാർ ബംബ്രാണ

8. അബ്ദുസലാം ദാരിമി ആലമ്ബാടി

9. ഉസ്മാനുല്‍ ഫൈസി തോടാർ

10. കുഞ്ഞിമുഹമ്മദ് മുസ്ലിയാർ നെല്ലായ

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL