ഉമർ ഫൈസി മുക്കത്തിന് മറുപടിയുമായി പി.കെ. കുഞ്ഞാലിക്കുട്ടി. സാദിഖലി തങ്ങള്‍ ഖാദിയാകാൻ സർവഥാ യോഗ്യനെന്നും, ഓരോ കാലത്തും ഓരോരോ പ്രശ്‌നങ്ങള്‍ സജീവമാക്കി നിർത്താനാണ് ചിലരുടെ ശ്രമമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. തങ്ങള്‍മാരെ വിമർശിച്ചാല്‍ രാഷ്ട്രീയപരമായി ലീഗിന് 10 വോട്ട് കൂടുമെന്നും പാർലമെന്റ് തെരഞ്ഞെടുപ്പില്‍ അത് കണ്ടതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമസ്‌തയുടേതല്ല വ്യക്തികളുടെ വിമർശനമാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. ഇത്തരം ആളുകളുടെ പ്രസ്‌താവന ഉചിതമാണോ എന്ന കാര്യം അതത് സംഘടനകള്‍ പരിശോധിക്കണം.
സി.പി.എമ്മിനെതിരെയും കുഞ്ഞാലിക്കുട്ടി രൂക്ഷവിമർശനം ഉന്നയിച്ചു. ഒരോ സമയത്തും സി.പി.എം ഓരോ കാർഡ് ഇറക്കുകയാണ്. ജമാഅത്തെ ഇസ്‌ലാമി സ്വാഭാവിക കക്ഷി എന്നാണ് സി.പി.എം മുൻപ് പറഞ്ഞിരുന്നത്. ഇപ്പോള്‍ നിലപാട് മാറ്റിയാല്‍ ജനം വിശ്വസിക്കുമോയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. സി.പി.എം ഒപ്പം കൂടിയത് എന്തിനെന്ന് ആദ്യം പറയട്ടെ, എന്നിട്ട് ബാക്കി ഞങ്ങള് പറയാമെന്നും അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ സർക്കാരിനെതിരെയുള്ള ജനവികാരം പ്രതിഫലിക്കുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. നേരത്തെ കോഓഡിനേഷൻ ഓഫ് ഇസ്‍ലാമിക് കോളജസ് (സി.ഐ.സി), ഖാദി ഫൗണ്ടേഷൻ വിഷയങ്ങളില്‍ രൂക്ഷ വിമർശനവുമായി സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം രംഗത്തെത്തിയിരുന്നു. സമസ്തയെ വെല്ലുവിളിച്ച് പുതിയ കൂട്ടായ്മ ഉണ്ടാക്കുന്നുവെന്നും അതിരുവിട്ടാല്‍ ആയുധങ്ങള്‍ പുറത്തെടുക്കുമെന്നും ഉമർ ഫൈസി മുക്കം വ്യക്തമാക്കി. യോഗ്യതയില്ലാത്ത പലരും ഖാദിമാരായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com