
തിരൂരങ്ങാടി: ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽ.പി.ജി. പാചകവാതക സിലിണ്ടറുകളുടെ റീഫില്ലിംഗ് ബുക്കിംഗിൽ നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഏകീകൃത സമയപരിധി ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ.). പ്രശ്നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എൻ.എഫ്.പി.ആർ. തിരൂരങ്ങാടി താലൂക്ക് ജനറൽ സെക്രട്ടറി അഷ്റഫ് കളത്തിങ്ങൽ പാറ സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബിന് നിവേദനം നൽകി. നിലവിൽ പാചകവാതക ബുക്കിംഗിനായി നഗരപ്രദേശങ്ങളിൽ 25 ദിവസവും ഗ്രാമീണ മേഖലകളിൽ 45 ദിവസവും എന്ന രീതിയിലാണ് എണ്ണക്കമ്പനികൾ സിലിണ്ടറുകൾ അനുവദിക്കുന്നത്. ഇത് ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കളോട് കാണിക്കുന്ന വലിയ വിവേചനവും അവകാശ ലംഘനവുമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഗ്രാമീണ മേഖലകളിലും വിറകടുപ്പുകളുടെ ഉപയോഗം ഗണ്യമായി കുറഞ്ഞതിനാൽ മിക്കവരും പാചകത്തിനായി പൂർണ്ണമായും എൽ.പി.ജിയെ തന്നെയാണ് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിൽ 45 ദിവസത്തിലൊരിക്കൽ മാത്രം സിലിണ്ടർ അനുവദിക്കുന്നത് സാധാരണ കുടുംബങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കുന്നുവെന്നും സിലിണ്ടർ തീർന്നാൽ ആഴ്ചകളോളം ജനങ്ങൾ വലയുകയാണെന്നും നിവേദനത്തിൽ പറയുന്നു. ഒരേ തുകയും നികുതിയും നൽകി സേവനം കൈപ്പറ്റുന്ന പൗരന്മാർക്ക് താമസസ്ഥലത്തിന്റെ പേരിൽ സേവന ലഭ്യതയിൽ തടസ്സം സൃഷ്ടിക്കുന്നത് നീതിയുക്തമല്ല. കേന്ദ്ര എണ്ണക്കമ്പനികളായ ഐ.ഒ.സി., ബി.പി.സി., എച്ച്.പി.സി. എന്നിവരുമായി ചർച്ച നടത്തി സംസ്ഥാനത്തുടനീളം ഗ്യാസ് റീഫില്ലിംഗിന് ഏകീകൃത സമയപരിധി നടപ്പിലാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും എൻ.എഫ്.പി.ആർ. ആവശ്യപ്പെട്ടു. ആവശ്യം ന്യായമാണെന്നും ഗ്യാസ് വിതരണത്തിലെ വിവേചനം അവസാനിപ്പിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അനൂപ് ജേക്കബ് ഭാരവാഹികൾക്ക് ഉറപ്പുനൽകി. ഇത് സംബന്ധിച്ച് ഭക്ഷ്യ വകുപ്പ് കമ്മീഷണർക്ക് മന്ത്രി നിർദ്ദേശവും നൽകിയിട്ടുണ്ട്.
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3
