Sunday, July 26News That Matters
Shadow

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: അവസാന മൃതദേഹവും കണ്ടെടുത്തു

മേപ്പാടി: വയനാട് മേപ്പാടി കള്ളാടിയിലുണ്ടായ കനത്ത മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെടുത്തു. ഹിമാചൽ പ്രദേശ് സ്വദേശിയും തുരങ്കപാത നിർമ്മാണ കമ്പനിയായ ദിലീപ് ബിൽഡ്കോണിന്റെ കൺസ്ട്രക്ഷൻ മാനേജരുമായ വിക്രം സിങ് റാണയുടെ (59) മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം എട്ടായി ഉയർന്നു. കഴിഞ്ഞ അഞ്ച് ദിവസമായി ദുരന്തമേഖലയിൽ എൻ.ഡി.ആർ.എഫ്., അഗ്നിരക്ഷാസേന, പോലീസ്, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ തിരച്ചിലാണ് നടന്നിരുന്നത്. കനത്ത ചെളിയും പ്രതികൂല കാലാവസ്ഥയും വകവെക്കാതെ ഹിറ്റാച്ചികളും ജെ.സി.ബികളും ഉപയോഗിച്ച് മണ്ണ് മാറ്റിയാണ് ഒടുവിൽ മൃതദേഹം കണ്ടെടുത്തത്. അപകടത്തിൽ കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെടുത്തതോടെ പ്രദേശത്തെ ഔദ്യോഗിക രക്ഷാദൗത്യവും തിരച്ചിലും അവസാനിച്ചതായി അധികൃതർ അറിയിച്ചു. കള്ളാടി തുരങ്കപാത നിർമ്മാണ സ്ഥലത്തുണ്ടായ ദുരന്തത്തിൽ മരിച്ച എട്ടുപേരും ഇതേ നിർമ്മാണ കമ്പനിയിലെ ജീവനക്കാരാണ്. അതേസമയം, സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി മേഖലയിൽ നിന്നും നേരത്തെ മാറ്റിപ്പാർപ്പിച്ചിരുന്ന കുടുംബങ്ങൾ സുരക്ഷിതരായി തങ്ങളുടെ വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL