ശാസ്താംകോട്ട: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കോട്ടയം സ്വദേശിയായ യുവാവിനെ ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പെരുമ്പായിക്കാട് കുമ്പളത്ത് ഹൗസിൽ സച്ചിൻ വർഗീസ് (26) ആണ് പിടിയിലായത്. പടിഞ്ഞാറേക്കല്ലട സ്വദേശിനിയായ പെൺകുട്ടിയെയാണ് ഇയാൾ പീഡനത്തി നിരയാക്കിയത്.സോഷ്യൽ മീഡിയ വഴി പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി, മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയം നോക്കി പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം പെൺകുട്ടി മാനസികമായി അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ കാര്യങ്ങൾ ചോദിച്ചറിഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. ഉടൻ തന്നെ വീട്ടുകാർ ശാസ്താംകോട്ട പൊലീസിൽ പരാതി നൽകി.പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയത്തെത്തിയ പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശാസ്താംകോട്ട മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. സോഷ്യൽ മീഡിയ വഴിയുള്ള ചതിക്കുഴികളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് പോലീസ് ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഓർമ്മിപ്പിച്ചു.

