തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ സംവിധായകനും മുൻ എം.എൽ.എയുമായ പി.ടി. കുഞ്ഞുമുഹമ്മദിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരായ അദ്ദേഹത്തെ ചോദ്യം ചെയ്ത ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് വിട്ടയച്ചത്. അറസ്റ്റ് ചെയ്താൽ ജാമ്യം അനുവദിക്കണമെന്ന കോടതി നിർദ്ദേശത്തെത്തുടർന്നാണ് ഈ നടപടി. ചോദ്യം ചെയ്യലിൽ കുഞ്ഞുമുഹമ്മദ് തനിക്കെതിരെയുള്ള കുറ്റങ്ങൾ നിഷേധിച്ചു. ചലച്ചിത്ര പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പി.ടി. കുഞ്ഞുമുഹമ്മദിന് കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പരാതിയിൽ സൂചിപ്പിച്ച സമയത്ത് ഇരുവരും ഹോട്ടലിൽ ഉണ്ടായിരുന്നുവെന്ന് സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി നേരത്തെ തന്നെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തിയിരുന്നു. ഐ.എഫ്.എഫ്.കെ സ്ക്രീനിങ്ങുമായി ബന്ധപ്പെട്ട ചർച്ചയ്ക്കെന്ന പേരിൽ തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി തന്നെ കടന്നുപിടിക്കാൻ ശ്രമിച്ചെന്നായിരുന്നു ചലച്ചിത്ര പ്രവർത്തകയുടെ പരാതി. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമാകുന്നത് വരെ പൊലീസ് ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നില്ല.

