പൂക്കളവും പൂവിളിയുമായി ഒരു തിരുവോണം കൂടി. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നല്ല കാലത്തെക്കുറിച്ച പ്രതീക്ഷയാണ് ഓരോ ഓണക്കാലവും. ലോകത്തെവിടെയാണെങ്കിലും ഒത്തുചേരലിന്റെ അവസരം കൂടിയാണ് ഓണദിനങ്ങൾ. മാവേലി തമ്പുരാന്റെ വരവ് കാത്ത് മുക്കുറ്റിയും കാശിത്തുമ്പയും കണ്ണാന്തളിയുമൊക്കെ കണ്ണിനഴകായി മുറ്റത്ത് വിരിയുന്ന പൊന്നോണം. കാലം മുന്നോട്ട് പോയതിന് അനുസരിച്ച് ഓണാഘോഷത്തിൻറെ കെട്ടിലും മട്ടിലും മാറ്റം വന്നിട്ടുണ്ട്. എങ്കിലും മാറ്റൊട്ടും കുറയാത മലയാളികൾ എന്നും ഓണമാഘോഷിക്കുന്നു. പൂക്കളമൊരുക്കിക്കഴിഞ്ഞാൽ പിന്നെ ഓണസദ്യയാണ്. സദ്യകഴിഞ്ഞാൽ പിന്നെ ഓണക്കളികളാണ്, തിരുവാതിരയും, ഊഞ്ഞാലാട്ടവും , കസേരകളിയും അങ്ങനെ ഒത്തുചേരലിൻറെ ആരവമുയരുന്ന ഓണക്കലാശക്കൊട്ട്. ഒരു നാടിൻറെ സ്‌നേഹവും ചന്തവും നിറയുന്ന തിരുവോണം. ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്കും കൂട്ടുകുടുംബങ്ങളിൽ നിന്ന് ഫ്‌ലാറ്റുകളിലേക്കും എത്തുമ്പോഴും ഓണത്തിൻറെ പകിട്ട് കുറയുന്നതേയില്ല. ഏവർക്കും എം ടി എൻ ന്യൂസ് ചാനലിന്റെ ഓണം ആശംസകൾ
