Wednesday, September 17News That Matters
Shadow

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കേസ് എടുത്ത് ക്രൈംബ്രാഞ്ച്.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കേസ് എടുത്ത് ക്രൈംബ്രാഞ്ച്. സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യം ചെയ്‌തെന്ന വകുപ്പാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. ഡിജിപിക്ക് ലഭിച്ച വിവിധ പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ചില പരാതികളില്‍ കൂടുതല്‍ ഗുരുതരമായ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള സൂചനയുണ്ടെന്നാണ് വിവരം. ആവശ്യമെങ്കില്‍ ഒരേ എഫ്‌ഐആര്‍ എടുത്ത് കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും. പരാതിയുടെ രഹസ്യസ്വഭാവം കണക്കിലെടുത്ത് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വിശദമായ പരിശോധനയ്ക്ക് ഡിജിപി നിര്‍ദേശം നല്‍കി. പരാതികള്‍ ഉയര്‍ന്നാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന സൂചന മുഖ്യമന്ത്രി ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ നല്‍കിയിരുന്നു. രാഹുല്‍ പിന്തുടര്‍ന്ന് നിരന്തരം ശല്യപ്പെടുത്തിയതായുള്ള പരാതികള്‍ ആരോപണം ഉന്നയിച്ചവര്‍ക്ക് ഉണ്ടോ എന്ന സാധ്യത പൊലീസ് പരിശോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിനെതിരെ ഡിജിപിക്ക് നേരിട്ട് പരാതി ലഭിച്ചിരിക്കുന്നത്. സ്ത്രീകളെ ശല്യപ്പെടുത്തുന്ന വിധത്തില്‍ പിന്തുടരുക, മെസേജ് അയയ്ക്കുക, നിരീക്ഷിക്കുക( സ്റ്റോക്കിംഗ്) എന്നിവയ്ക്ക് കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് രാഹുലിനെതിരെ പൊലീസ് നീക്കം നടക്കുന്നത്. മുന്‍പ് രാഹുലിനെതിരെ പൊലീസിന് ലഭിച്ച പരാതി അതിക്രമം നേരിട്ടവര്‍ നേരിട്ട് നല്‍കിയതല്ലെന്നും മൂന്നാമതൊരാള്‍ നല്‍കിയതാണെന്നുമുള്ള കാര്യം പൊലീസിന് വെല്ലുവിളിയായിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ നേരിട്ട സമാന ആശയക്കുഴപ്പത്തിലൂടെയാണ് പൊലീസ് കടന്നുപോയിരുന്നത്. പരാതിക്കാരികള്‍ നേരിട്ട് നല്‍കാത്ത പരാതിയാകുമ്പോള്‍ അതിന് കോടതിയില്‍ നിന്നുള്‍പ്പെടെ തിരിച്ചടി നേരിടേണ്ടി വന്നേക്കാമെന്നായിരുന്നു പൊലീസ് വിലയിരുത്തല്‍. ആരും പരാതി നല്‍കിയിട്ടില്ലെന്നും ലൈംഗികാരോപണ വിവാവദത്തില്‍ കേസില്ലെന്നുമുള്ള വാദങ്ങള്‍ നിരത്തിയാണ് രാഹുല്‍ അനുകൂലികള്‍ എംഎല്‍എയ്ക്ക് പ്രതിരോധം തീര്‍ത്തിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL