തൃശൂർ: വിദേശത്തു നിന്നും നേപ്പാൾ വഴി ഇന്ത്യയിലേക്ക് രഹസ്യമായി കടക്കാൻ ശ്രമിച്ച പോക്സോ കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. കൂളിമുട്ടം നെടുംപറമ്പ് സ്വദേശി അബു താഹിർ (24) ആണ് പിടിയിലായത്. 2023 ൽ മതിലകം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് പോക്സോ കേസുകളിലെ പ്രതിയും കൊടുങ്ങല്ലൂർ ഫാസ്റ്റ് ട്രാക്ക് സെഷൻസ് കോടതിയിൽ പിടികിട്ടാപ്പുള്ളി വാറണ്ടുമുള്ള ആളാണ് അബു താഹിർ. സംഭവത്തിനു ശേഷം യുഎഇയിലേക്ക് കടക്കുകയായിരുന്നു ഇയാള്‍. ഈ കേസുകളിൽ അന്വേഷണം നടത്തിയതിൽ അബു താഹിർ കുറ്റക്കാരനാണെന്ന് കണ്ട് ഇയാൾ ഒളിവിലാണെന്ന് രേഖപ്പെടുത്തി രണ്ട് കേസുകളിലും പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഒളിവിൽ പോയ അബു താഹിറിനെ പിടികൂടുന്നതിനായി എൽഒസിയും പുറപ്പെടുവെച്ചിരുന്നു. എയർപോർട്ട് വഴി വന്നാൽ പിടിക്കപ്പെടുമെന്ന ഭയത്താൽ നേപ്പാൾ വഴി രഹസ്യമായി ഇന്ത്യയിലേക്ക് കടക്കുന്നതിനായി ഷാർജയിൽ നിന്ന് നേപ്പാളിലെ കാണ്ഡ്മണ്ടുവിൽ എത്തി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ അതിർത്തിയിലുള്ള കർശന സുരക്ഷാ പരിശോധനയിലാണ് എൽഒസി നിലവിലുള്ള വിവരം അറിഞ്ഞത്. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞുവെക്കുകയും ഉത്തർപ്രദേശിലെ ഗോരഖ്പൂർ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു. പിന്നീട് മതിലകം പൊലീസ് ഗോരഖ്പൂറിൽ എത്തി അബു താഹിറിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.
