Wednesday, September 17News That Matters
Shadow

52കാരി ചിതയൊരുക്കി ജീവനൊടുക്കി.

തൃശൂർ: തന്റെ പേരിലുള്ള എല്ലാ സ്വത്തുവകകളും ഏകമകളുടെ പേരിലെഴുതിവച്ച്‌ തൃശൂർ വാടാനപ്പള്ളിയില്‍ 52കാരി ചിതയൊരുക്കി ജീവനൊടുക്കി.തൃത്തല്ലൂർ ഏഴാംകല്ല് കോഴിശേരിയില്‍ പരേതനായ രമേശിന്റെ ഭാര്യ ഷൈനിയാണ് മരിച്ചത്. തിങ്കളാഴ്‌ചയായിരുന്നു സംഭവം. തനിക്കുള്ളതെല്ലാം മകള്‍ക്ക് എന്നെഴുതിയ കുറിപ്പ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു.വീട്ടുവളപ്പില്‍ മതിലിനോട് ചേർന്ന് പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് വലിച്ചുകെട്ടി വിറകുകള്‍ കൂട്ടി ചിതയൊരുക്കിയാണ് ഷൈനി ജീവനൊടുക്കിയത്. പൂ‌ർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.

ദുബായിലായിരുന്ന മകള്‍ ബിലു ഇന്നലെ പുലർച്ചെ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വീട്ടിന്റെ താക്കോല്‍ സൂക്ഷിച്ചിരിക്കുന്ന ഇടം സൂചിപ്പിക്കുന്ന കുറിപ്പാണ് ബിലു ആദ്യം കണ്ടത്. ശേഷം വീടിനകത്തേയ്ക്ക് കയറിയപ്പോള്‍ ആത്മഹത്യാക്കുറിപ്പും കണ്ടെത്തുകയായിരുന്നു. പിന്നാലെ മകള്‍ അയല്‍ക്കാരെ വിളിച്ചുവരുത്തി നടത്തിയ തിരച്ചിലിലാണ് കത്തിത്തീർന്ന ചിത കണ്ടെത്തിയത്. തിങ്കളാഴ്‌ച സന്ധ്യയോടെ ഷൈനിയുടെ വീട്ടുവളപ്പില്‍ നിന്ന് തീ ഉയരുന്നത് കണ്ടതായി സമീപവാസികള്‍ പറയുന്നു. എന്നാല്‍ മകള്‍ വരുന്നതിനാല്‍ വീട് വൃത്തിയാക്കി മാലിന്യം കത്തിക്കുന്നതാകാമെന്നാണ് അയല്‍ക്കാർ കരുതിയത്. പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചിരുന്നതിനാല്‍ വ്യക്തമായി കാണാനും സാധിക്കുന്നില്ലായിരുന്നു.

വാടകയ്ക്ക് നല്‍കിയിരുന്ന കടമുറിയുടെ വാടകത്തുക മകളുടെ അക്കൗണ്ടിലേയ്ക്ക് അയച്ചാല്‍ മതിയെന്ന് കഴിഞ്ഞദിവസം ഷൈനി പറഞ്ഞിരുന്നതായും വിവരമുണ്ട്. ഷൈനിയുടെ അക്കൗണ്ടിലെ തുക മുഴുവൻ മകളുടെ അക്കൗണ്ടിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു.മെഡിക്കല്‍ വിദ്യാർത്ഥിനിയായിരുന്ന ഷൈനിയുടെ ഇളയ മകള്‍ ഒരുവർഷം മുൻപ് മരണപ്പെട്ടിരുന്നു. ഇതിനുശേഷം ഷൈനി മാനസികമായി തകർന്നിരുന്നതായി ബന്ധുക്കള്‍ പറയുന്നു. മൃതദേഹം പൊലീസ് ഇൻക്വസ്റ്റിനുശേഷം പോസ്റ്റുമോർട്ടം നടത്തി.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL