Monday, September 21News That Matters
Shadow

JILLA VARTHAKAL

18-08-2026

ജില്ലയില്‍ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷം: മന്ത്രി പി.കെ.ബഷീര്‍ പതാക ഉയര്‍ത്തും

മലപ്പുറം ജില്ലയുടെ വികസനത്തിനായി കോടികളുടെ പദ്ധതികൾ നടപ്പിലാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ. മലപ്പുറം എം.എസ്.പി. പരേഡ് ഗ്രൗണ്ടിൽ സ്വാതന്ത്ര്യദിന സന്ദേശം നൽക വേയാണ് മലപ്പുറത്തിന്റെ സമഗ്ര വികസനത്തിനായുള്ള സർക്കാർ പദ്ധതികളെക്കുറിച്ച് മന്ത്രി പറഞ്ഞത്. മലപ്പുറത്തിന്റെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി ബൃഹത്തായ പദ്ധതികളാണ് പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി 100 കോടി രൂപ ചെലവിൽ മലപ്പുറം റോഡ് വികസനവും നഗര സൗന്ദര്യവത്ക്കരണവും നടപ്പിലാക്കും. 75 കോടി രൂപചെലവിൽ മഞ്ചേരി സിറ്റി റോഡ് നവീകരണം, 350 കോടി  രൂപ ചെലവിൽ പെരിന്തൽമണ്ണ – പാലക്കാട് ബൈപ്പാസ്, ദേശീയപാത 66-ഉമായി ബന്ധിപ്പിക്കുന്ന 260 കോടി രൂപയുടെ വേങ്ങര ഫ്ലൈഓവർ, കളക്ടറേറ്റ് വളപ്പിൽ 80 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന മലപ്പുറം റവന്യൂ ടവർ  എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു. പെരിന്തൽമണ്ണ, തിരൂർ, കോട്ടക്കൽ, മഞ്ചേരി, അരീക്കോട്, എടവണ്ണപ്പാറ തുടങ്ങിയ കേന്ദ്രങ്ങളിൽ ഗൾഫ് മാതൃകയിൽ  ജങ്ഷനുകൾ നവീകരിക്കും. കൊണ്ടോട്ടി മോങ്ങത്ത് ബൈപ്പാസിനായുള്ള സർവേ നടപടികൾ പുരോഗമിക്കുകയാണെന്നും, പൊന്നാനി – കുറ്റിപ്പുറം – കോട്ടക്കൽ – മഞ്ചേരി – അരീക്കോട് – എടവണ്ണ – ഊട്ടി പാത ദേശീയപാതയായി ഉയർത്തുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയിൽ നിന്ന് തത്വത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കായിക-ആരോഗ്യ-ടൂറിസം മേഖലകളിലും വലിയ കുതിച്ചുചാട്ടത്തിനാണ് ജില്ല ഒരുങ്ങുന്നത്. മലപ്പുറത്തിന്റെ ഫുട്ബോൾ പാരമ്പര്യത്തിനും കായിക പ്രതിഭകൾക്കും പിന്തുണയേകി 100 കോടി രൂപ ആദ്യഘട്ട വിഹിതത്തോടെ ലോകോത്തര ഫുട്ബോൾ അക്കാദമി സ്ഥാപിക്കും. മലപ്പുറം ജില്ലാ ആസ്ഥാനത്ത് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ക്യാൻസർ ആശുപത്രിയും, പൊന്നാനി, നിലമ്പൂർ, ചാലിയാർ എന്നീ പ്രദേശങ്ങളെ സമഗ്രമായി ബന്ധിപ്പിച്ചുകൊണ്ട് പുതിയ ടൂറിസം സർക്യൂട്ടും നടപ്പിലാക്കും. മലപ്പുറത്തിനും മലബാറിനും പരിഗണന നൽകുന്ന പുതുയുഗ വികസന പദ്ധതികൾ സർക്കാർ നടപ്പിലാക്കുമെന്നും നാടിന്റെ വികസന പദ്ധതികൾക്കായി സ്ഥലം നൽകുന്നതിലും നിർമ്മാണ പ്രവർത്തനങ്ങളിലും ജനങ്ങളുടെ പൂർണ്ണ സഹകരണം ഉണ്ടാകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

ഭരണഘടന അട്ടിമറിക്കാനുള്ള നീക്കത്തെ ചെറുത്ത് തോല്‍പ്പിക്കണം -എന്‍ സി പി (ശരത് പവാര്‍ )

മലപ്പുറം :  ഭരണഘടന അനുസരിച്ച് ജീവിക്കാനുള്ള അവകാശം അട്ടിമറിക്കാനുള്ള ഗൂഡശ്രമത്തെ ചെറുത്ത് തോല്‍പ്പിക്കണമെന്ന് എന്‍ സി പി (ശരത് പവാര്‍ )ജില്ല പ്രസിഡന്റ് ഹംസ പാലൂര്‍. ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനത്തില്‍ ജനാധിപത്യം ശക്തിപ്പെടുത്താം മതേതരത്വം ഉറപ്പ് വരുത്താം എന്ന ആശയം ഉയര്‍ത്തിപിടിച്ച് ജനാധിപത്യ സംരക്ഷണ സദസ്സ്   മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജനാധിപത്യവും മതേതരത്വവും ഇല്ലാതായാല്‍ ഇന്ത്യ തകരാന്‍ ഇടവരുമെന്നും പറഞ്ഞു. ടി പി. വിജയന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. പി വി. അജമല്‍ മുഖ്യപ്രഭാഷണം നടത്തി. കെ വി. ദാസ്, പുലിയോടന്‍ മുഹമ്മദ്, കെ. മധുസൂദനന്‍, ഷെബിന്‍ തൂത, മുഹമ്മദ് അലി ശിഹാബ്, സകരിയ തോരപ്പ, കെ കെ. സലാം, ഷാജിര്‍ ആലത്തിയൂര്‍, ഷംസു കുമ്മില്‍, ഷാഫി, വി വി ഫൈസല്‍, കുഞ്ഞു മരക്കാന്‍ പാലാനി സി വി.രാധാകൃഷ്ണന്‍, ഷിഹാബുദ്ദീന്‍, റൂയേഷ്,ഷാജി മഞ്ചേരി, മുത്തുണ്ണി കുറ്റിപ്പുറം എന്നിവര്‍ പ്രസംഗിച്ചു.

വൈദ്യുതി ലൈസന്‍സ് രജിസ്‌ട്രേഷന്‍

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡ് നല്‍കിയിട്ടുള്ള വയര്‍മാന്‍ പെര്‍മിറ്റ്, സൂപ്പര്‍വൈസര്‍ പെര്‍മിറ്റ്, കോണ്‍ട്രാക്ടര്‍ ലൈസന്‍സുകള്‍, സിനിമാ ഓപ്പറേറ്റര്‍ ലൈസന്‍സ് എന്നിവ ‘സംരക്ഷ’ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഓഗസ്റ്റ് 31-ന് അവസാനിക്കും.  ഇതുവരെ പോര്‍ട്ടലില്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാത്ത ലൈസന്‍സ്, പെര്‍മിറ്റ് ഉടമകള്‍ അവസാന തീയതിക്ക് മുന്‍പായി www.samraksha.ceikerala.gov.in എന്ന വെബ്‌സൈറ്റ് വഴി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം.

അതിഥി അധ്യാപക ഒഴിവ്
കൊണ്ടോട്ടി ഗവ. ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ 2026-27 അധ്യയന വര്‍ഷത്തില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് വിഷയത്തില്‍ അതിഥി അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം ഓഗസ്റ്റ് 20 ന് രാവിലെ 10 ന് പ്രിന്‍സിപ്പല്‍ ഓഫീസില്‍ നടക്കും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിലോ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.  യു.ജി.സി. നിബന്ധനകള്‍ പ്രകാരമുള്ള യോഗ്യത (നെറ്റ്/പി.എച്ച്.ഡി.) ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഇവരുടെ അഭാവത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കും. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 18 വൈകുന്നേരം നാലിനകം www.gasckondotty.a-c.in വഴി അപേക്ഷിക്കണം.  വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും അവയുടെ പകര്‍പ്പുകളുമായി നിശ്ചിത തീയതിയില്‍ അഭിമുഖത്തിന് ഹാജരാകണം.  ഫോണ്‍- 9207630507, 9188900201.

മലപ്പുറം ഗവ. ടി.ടി.ഐ. ലിപ്സ്റ്റിക് രഹിത ക്യാംപസാകുന്നു
മലപ്പുറം ഗവണ്‍മെന്റ് ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിനെ നാളെ (ശനി) രാവിലെ ഒന്‍പതിന് ലിപ്സ്റ്റിക് രഹിത ക്യാംപസായി പ്രഖ്യാപിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍- 9947775032, 9846304045.

പി.ജി. സീറ്റ് ഒഴിവ്
പട്ടാമ്പി ശ്രീ നീലകണ്ഠ ഗവണ്‍മെന്റ് സംസ്‌കൃത കോളേജില്‍ വിവിധ ബിരുദാനന്തര ബിരുദ (പി.ജി.) കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കെമിസ്ട്രി (എസ്.ടി/എസ്.സി-1, എല്‍.സി-1), സൂവോളജി (എസ്.ടി/എസ്.സി-1), എം.കോം (എസ്.ടി/എസ്.സി-1), മലയാളം (ഇ.ഡബ്ല്യു.എസ്-2, ഈഴവ/തിയ്യ/ബില്ലവ-1), സംസ്‌കൃതം (ഓപ്പണ്‍-1, മറ്റ് വിഭാഗങ്ങള്‍) എന്നീ കോഴ്സുകളിലാണ് ഒഴിവുകളുള്ളത്.  അംഗീകൃത ക്യാപ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഓഗസ്റ്റ് 17-ന് രാവില 11 നകം കോളേജില്‍ നേരിട്ടോ, കോളേജ് ഇ-മെയില്‍ (nsgscollege@gmail.com) വഴിയോ അപേക്ഷിക്കണം. ഫോണ്‍- 0466-2212223.

ഗതാഗത നിയന്ത്രണം
മലപ്പുറം – പരപ്പനങ്ങാടി റോഡില്‍ കക്കാട് മുതല്‍ തിരൂരങ്ങാടി വരെയുള്ള ഭാഗങ്ങളില്‍ റോഡ് പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ആഗസ്റ്റ് 16, 17 തീയതികളില്‍ വാഹനഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.  ഈ ദിവസങ്ങളില്‍ ഇതുവഴി പോകേണ്ട വാഹനങ്ങള്‍ കൊളപ്പുറം – തിരൂരങ്ങാടി വഴി തിരിഞ്ഞു പോകണം.

തിരൂർ സഹകരണ പരിശീലന കോളേജിൽ എച്ച്.ഡി.സി & ബി.എം കോഴ്‌സിൽ ഒഴിവുകൾ
തിരൂർ: കേരള സംസ്ഥാന സഹകരണ യൂണിയൻറെ കീഴിൽ പ്രവർത്തിക്കുന്ന തിരൂർ സഹകരണ പരിശീലന കോളേജിൽ എച്ച്.ഡി.സി & ബി.എം (HDC & BM) കോഴ്‌സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ബിരുദമാണ് കോഴ്‌സിലേക്കുള്ള അടിസ്ഥാന യോഗ്യത. പ്രവേശനത്തിന് താല്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 2026 ഓഗസ്റ്റ് 10 തിങ്കളാഴ്ച കോളേജിൽ നേരിട്ട് എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക95399 42842, 91 82815 11962

കൺസ്യൂമർഫെഡ് ഓണം വിപണികള്‍‌ക്ക് ജില്ലയിൽ തുടക്കം

ഓണക്കാല വിപണിയിലെ വിലക്കയറ്റം തടയാനും പൊതുജനങ്ങൾക്ക് ന്യായവിലയിൽ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കാനുമായി കൺസ്യൂമർഫെഡ് ഒരുക്കുന്ന ഓണം വിപണികള്‍ക്ക് ജില്ലയിൽ തുടക്കമായി. സഹകരണ വകുപ്പിന്റെയും വിവിധ സർവീസ് സഹകരണ ബാങ്കുകളുടെയും നേതൃത്വത്തിൽ ജില്ലയിൽ സജ്ജമാക്കിയ 148 ഓണം വിപണികളുടെ ജില്ലാതല ഉദ്ഘാടനവും മലപ്പുറം സര്‍വീസ് സഹകരണ ബാങ്ക് സംഘടിപ്പിക്കുന്ന ഓണം ഫെയർ 2026-ന്റെ ഉദ്ഘാടനവും വ്യവസായ-ഐ.ടി-എ.ഐ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. ആഘോഷവേളകളിൽ സാധാരണക്കാർക്ക് ആശ്വാസമേകാൻ സർക്കാരും വിവിധ സർക്കാർ ഏജൻസികളും സഹകരണ മേഖലയും കാര്യക്ഷമമായി വിപണിയിൽ ഇടപെടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. മേളകളിൽ ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ആകർഷകമായ വിലക്കുറവിൽ ലഭ്യമാക്കിയിട്ടുണ്ടെന്നും ജനങ്ങൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം കുന്നുമ്മലിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ. വി. റിനിഷ അധ്യക്ഷത വഹിച്ചു. ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാർ (ജനറൽ) റെനി എബ്രഹാം ആദ്യവിൽപ്പന നിർവഹിച്ചു. കൺസ്യൂമർഫെഡ് ഡയറക്ടർ ഗോകുൽദാസ് കോട്ടയിൽ, നഗരസഭാ വൈസ് ചെയർപേഴ്സൺ ജിതേഷ് ജി. അനിൽ, മലപ്പുറം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് റഹ്മത്തുല്ല തറയിൽ, വൈസ് പ്രസിഡന്റ് ഷൗക്കത്ത് ഉപ്പൂടൻ, ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാർ (ഓഡിറ്റ്) പി. ശ്രീധരൻ, നഗരസഭാ പൊതുമരാമത്ത് സ്ഥിരസമിതി ചെയർപേഴ്സൺ ഹാരിസ് ആമിയൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. മലപ്പുറം സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി എൻ. അലവി സ്വാഗതവും കൺസ്യൂമർഫെഡ് റീജിയണൽ മാനേജർ ആർ. ജയകുമാർ നന്ദിയും പറഞ്ഞു.
ഓഗസ്റ്റ് 16 മുതൽ 25 വരെയാണ് ഓണം വിപണികള്‍ പ്രവർത്തിക്കുക. ജില്ലയിലെ വിവിധ സഹകരണ സംഘങ്ങൾ വഴി 136 ചന്തകളും 12 ത്രിവേണി യൂണിറ്റുകളും ഉൾപ്പെടെ ആകെ 148 ഓണച്ചന്തകളാണ് ഓണം വിപണിയുടെ ഭാഗമായി കൺസ്യൂമർഫെഡ് ജില്ലയിൽ ഒരുക്കുന്നത്. പൊതുവിപണിയേക്കാൾ 30 ശതമാനം മുതൽ 50 ശതമാനം വരെ വിലക്കുറവിൽ 13 ഇനം സാധനങ്ങളാണ് ഓണം വിപണിയിലൂടെ സബ്‌സിഡി നിരക്കിൽ നൽകുന്നത്. ജയ അരി, കുറുവ അരി, മട്ട അരി എന്നിവ കിലോയ്ക്ക് 33 രൂപ നിരക്കിലും പച്ചരി 29 രൂപയ്ക്കും പഞ്ചസാര 34 രൂപയ്ക്കും ഉഴുന്ന് 87 രൂപയ്ക്കും ചെറുപയർ, വൻപയർ എന്നിവ 68 രൂപയ്ക്കും കടല 63 രൂപയ്ക്കും തുവരപ്പരിപ്പ് 83 രൂപയ്ക്കും മുളക് 136.5 രൂപയ്ക്കും 500 ഗ്രാം മല്ലി 47.25 രൂപയ്ക്കും അര ലിറ്റർ വെളിച്ചെണ്ണ 116 രൂപയ്ക്കും ലഭ്യമാകും. ഇതിനുപുറമെ 10 ശതമാനം മുതൽ 40 ശതമാനം വരെ വിലക്കുറവിൽ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, തേയില, വെളിച്ചെണ്ണ ഉൾപ്പെടെയുള്ള 51 ഇനം ത്രിവേണി ഉൽപന്നങ്ങളും പ്രമുഖ ബ്രാൻഡുകളുടെ സാധനങ്ങളും നോൺ സബ്‌സിഡി ഇനങ്ങളായി മേളയിൽ സജ്ജീകരിച്ചിട്ടുണ്ട്.

ടോപ് സ്‌കില്‍ സ്വാതന്ത്ര്യദിനാഘോഷവും, ദേശീയോദ്ഗ്രഥന മാജിക്കും

മലപ്പുറം : മലപ്പുറം നഗരസഭ കുടുംബശ്രീ യൂണിറ്റ് ടോപ് സ്‌കില്‍ ടീച്ചേഴ്‌സ് ട്രെയിനിങ് സെന്റര്‍ സ്വാതന്ത്ര്യ  ദിനാഘോഷം കോട്ടക്കുന്ന് അംഗനവാടിയില്‍ വെച്ച് വാര്‍ഡ് കൗണ്‍സിലര്‍ നജ്മ സെബീര്‍ മാജിക്കിലൂടെ ഉദ്ഘാടനം ചെയ്തു. ട്രെയിനിങ് സെന്റര്‍ പ്രിന്‍സിപ്പല്‍ ഹസീന മലയില്‍ അധ്യക്ഷതവഹിച്ചു. ട്രെയിനിങ് സെന്റര്‍ ഡയറക്ടര്‍ മജീഷ്യന്‍ മലയില്‍ ഹംസ ദേശീയോദ്ഗ്രഥന  മാജിക് അവതരിപ്പിച്ചു. അംഗനവാടി ടീച്ചര്‍ കെ ടി സീനത്ത് സ്വാഗതവും, സെന്റര്‍ ലീഡര്‍ വി കെ ഫസ്ല നന്ദിയും പറഞ്ഞു. ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് അസിസ്റ്റന്റ് ടീച്ചര്‍ ഫെബിത കാളമ്പാടി, എ അമീറ, നജ്മു മുസ്തഫ, എം റസിയ,ടി പി നസീറ, കെ പി ശില്പ,, എം പി അമൃത, എ ടി ഫസ്‌ന, കെ സ്വപ്ന,എം നദീറ സംസാരിച്ചു

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

.

MTN NEWS CHANNEL