Sunday, March 1News That Matters
Shadow

ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച്‌ ഇറാൻ; അന്ത്യമാകുന്നത് ഒരു യുഗത്തിന്

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ട വിവരം ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസികള്‍ സ്ഥിരീകരിച്ചു. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസികളായ തസ്നിം (Tasnim), ഫാർസ് (Fars) എന്നിവയാണ് 86 വയസ്സുകാരനായ ഖാംനഈയുടെ മരണം സ്ഥിരീകരിച്ചത്. ശനിയാഴ്ച അമേരിക്കയും ഇസ്റാഈലും സംയുക്തമായി ടെഹ്‌റാനിലെ ഖാംനഈയുടെ വസതി ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ചരിത്രത്തിലെ ഏറ്റവും ക്രൂരനായ വ്യക്തികളില്‍ ഒരാളായ ഖാംനഈ കൊല്ലപ്പെട്ടത് ഇറാന്റെ നീതിക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള സമാധാനപ്രേമികള്‍ക്ക് ലഭിച്ച വലിയ വിജയമാണെന്ന് ട്രംപ് കുറിച്ചു. അത്യാധുനികമായ ഇന്റലിജൻസ് സംവിധാനങ്ങളും ട്രാക്കിംഗ് സാങ്കേതികവിദ്യയും ഉപയോഗിച്ച്‌ ഇസ്റാഈലുമായി ചേർന്നാണ് ഈ ഓപ്പറേഷൻ പൂർത്തിയാക്കിയതെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.ഖാംനഈയുടെ കൂടെയുണ്ടായിരുന്ന മറ്റ് പല ഇറാൻ നേതാക്കളും കൊല്ലപ്പെട്ടതായും ട്രംപ് വെളിപ്പെടുത്തി. ഇറാന്റെ പ്രതിരോധ മന്ത്രി അസീസ് നാസിർസാദെ, പരമോന്നത നേതാവിന്റെ മിലിട്ടറി ബ്യൂറോ ചീഫ് മുഹമ്മദ് ശീറാസി എന്നിവർ കൊല്ലപ്പെട്ടതായാണ് ഇസ്റാഈല്‍ അവകാശപ്പെട്ടത്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് (ഐ ആർ ജി സി) തലവൻ മുഹമ്മദ് പാക്പൂർ, മുതിർന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ സ്വാലിഹ് അസദി എന്നിവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.ഇസ്റാഈല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും നേരത്തെ ഖാംനഈ ‘ഇല്ലാതായതായി’ സൂചന നല്‍കിയിരുന്നു. ഇതിനു പിന്നാലെ ഖാംനഈയുടെ മകളും പേരക്കുട്ടിയും മരിച്ചതായുള്ള വാർത്തകളും പുറത്തുവന്നിരുന്നു.എന്നാല്‍ ആദ്യ ഘട്ടത്തില്‍ ആ വാർത്തകള്‍ ഇറാൻ സ്ഥിരീകരിച്ചിരുന്നില്ല. എതിരാളികളുടെ സൈക്കോളജിക്കല്‍ മൂവ് എന്ന് പറഞ്ഞ് ഇറാൻ ഇത് തള്ളുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL