;അബഹ: സൗദി അറേബ്യയിലെ ബീഷയിൽ മൂന്നാഴ്ച മുൻപ് വെടിയേറ്റു മരിച്ച കാസർക്കോട് ബദിയടുത്ത സ്വദേശി എ.എം. ബഷീർ (41) മൃതദേഹം ജുലൈ 3ന് വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. മൂന്നാം തിയ്യതി പുലർച്ചെ മൂന്ന് മണിക്ക് ജിദ്ദയിൽ നിന്നും പുറപ്പെടുന്ന ഇൻഡിഗോ വിമാനത്തിൽ ദൽഹി വഴിയാണ് മൃതദേഹം കൊണ്ടു പോകുന്നത്. വ്യാഴാഴ്‌ച രാത്രി 9.30 ന് കോഴിക്കോട് എത്തിച്ചേരും. മെയ് 31ന് സൗദി പൗരന്റെ വെടിയേറ്റാണ് ബഷീർ കൊല്ലപ്പെട്ടത്. സംഭവത്തിൽ സഊദ് അബ്ദുല്ല അൽ മുഈനി എന്ന സൗദി പൗരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വെടിവയ്പ്പിനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.15 വർഷത്തേളമായി ബിഷക്ക് സമീപം നാഖിയയിൽ ടാക്സി ഡ്രൈവർ ആയി ജോലി ചെയ്ത് വരികയായിരുന്നു ബഷീർ. രാത്രി ഏറെ വൈകി ബിഷ നാഗിയയിലെ താൻ താമസിക്കുന്ന കെട്ടിടത്തിന് സമീപം കാർ കഴുകുകയായിരുന്ന ബഷീറിന് നേരെ മറ്റൊരു വാഹനത്തിലെത്തിയ അജ്ഞാത സംഘം വെടിയുതിർക്കുകയായിരുന്നു. വെടിയൊച്ച കേട്ട് സമീപവാസികൾ ഓടിയെത്തുമ്പോൾ ബഷീർ തന്റെ കാറിന്റെ ഡിക്കിയുടെ ഭാഗത്ത് വീണു കിടക്കുന്ന നിലയിലായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ബിഷയിലെ മാലിക് അബ്ദുല്ല ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. അക്രമികൾ സംഭവ സ്ഥലത്തു നിന്ന് അതിവേഗം രക്ഷപ്പെട്ടിരുന്നു. തലേദിവസം രാത്രി കടയിൽ നിന്ന് ഭക്ഷണം വാങ്ങി റൂമിലേക്ക് മടങ്ങിയ ബഷീറിനെ അവസാനമായി കണ്ടവർ നൽകിയ വിവരങ്ങളും അന്വേഷണത്തിൽ നിർണായകമായി. ബിഷ കിങ് അബ്ദുള്ള ഹോസ്പിറ്റലിലുള്ള മൃതദേഹം പോസ്റ്റുമോർട്ടം നടപടിപകൾ പൂർത്തിയാക്കി ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. നിയമ നടപടി പൂർത്തിയാക്കാൻ ബീഷയിലെ സാമൂഹിക പ്രവർത്തകനും ജിദ്ദാ കോൺസുലേറ്റ് സിസിഡബ്യൂഎ മെമ്പറുമായ അബ്ദുൾ അസീസ് പാതിപറമ്പൻ കൊണ്ടോട്ടിയെ ബശീറിന്റെ കുടുംബം ചുമതലപ്പെടുത്തുകയായിരുന്നു.നിയമ സഹായത്തിനുo മറ്റും ഐസിഎഫ് നാഷണൽ സെക്രട്ടറി സിറാജ് കുറ്റിയാടിയും റിയാദ് സെക്രട്ടറി ഇബ്രാഹീം കരീമും ബീഷയിൽ നിന്നു മുജീബ് സഖാഫിയും ഹാരിസ് പടലയും ഉണ്ടായിരുന്നു. ബിഷയിൽ നിന്ന് സൗദിയ വിമാനത്തിൽ മൃതദേഹം ജിദ്ദയിലെത്തിക്കും. തുടർന്ന് ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്കാണ് മൃതദേഹം കൊണ്ടുപോകുന്നത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് റോഡ് മാർഗ്ഗം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു..കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം കുടുംബാംഗങ്ങളെയും നാട്ടുകാരെയും സൗദിയിലെ പ്രവാസി സമൂഹത്തെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. പിതാവ്: പരേതനായ മുഹമ്മദ് കുഞ്ഞി, മാതാവ്: പരേതയായ മറിയുമ്മ, ഭാര്യ: നസ്‌റീൻ ബീഗം ഉപ്പള, മക്കൾ: മറിയം ഫിദ (9), മുഹമ്മദ് ബിലാൽ (7), അബ്ദുല്ല ആദിൽ(2), സഹോദരങ്ങൾ: അബൂബക്കർ കുമ്പക്കോട്, അസൈനാർ കുമ്പക്കോട്, കരീം കുമ്പക്കോട്, റസാഖ് കുമ്പക്കോട്, എം സുലൈഖ ബെണ്ടിച്ചാൽ, ബീ ഫാത്തിമ കോളിയടുക്കം, എം ഖദീജ കൊട്ടിയാടി, പരേതയായ സുഹറ ചട്ടച്ചാൽ.
