Wednesday, September 17News That Matters
Shadow

അല്ലു അർജുനെതിരെ വിഡിയോ; യൂട്യൂബ് ചാനൽ ഓഫിസിലേക്ക് ഇരച്ചെത്തി ആരാധകർമാപ്പ് പറഞ്ഞ് ചാനൽ, വിഡിയോകൾ ഡിലീറ്റ് ചെയ്തു

ഹൈദരാബാദ്: തെലുങ്കു സൂപ്പർ സ്റ്റാർ അല്ലു അർജുനെതിരെ ആക്ഷേപകരമായ വിഡിയോകൾ പോസ്റ്റ് ചെയ്തെന്നാരോപിച്ച് ആരാധകക്കൂട്ടം യൂട്യൂബ് ചാനൽ ഓഫിസിലേക്ക് ഇരച്ചെത്തി. റെഡ് ടിവിയുടെ ഹൈദരാബാദിലെ ഓഫിസിലാണ് തിങ്കളാഴ്ച പ്രതിഷേധ പരിപാടികൾ അരങ്ങേറിയത്. താരത്തിനും ഭാര്യ സ്നേഹ റെഡ്ഡിക്കുമെതിരെ ആക്ഷേപകരമായ വിഡിയോകൾ പങ്കുവെച്ചന്നാണ് ഇവരുടെ പരാതി.

രോഷാകുലരായ ആരാധകർ ചാനൽ ഓഫിസിൽ ബഹളം വെക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. ചാനലിൽനിന്ന് വിഡിയോകൾ ഡിലീറ്റ് ചെയ്യാൻ നിർബന്ധിക്കുന്നത് വിഡിയോയിൽ കാണാം. ഇവ നീക്കിയില്ലെങ്കിൽ ഓഫിസ് കൊള്ളയടിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.

ഇതിന്റെ വിഡിയോകൾ ആൾ ഇന്ത്യ അല്ലു അർജുൻ ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷന്റെ ‘എക്സ്’ അക്കൗണ്ടിൽ പങ്കുവെക്കുകയും ഔദ്യോഗിക പ്രസ്താവന പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.

‘കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞങ്ങൾ റെഡ് ടിവിയെ വളരെ അടുത്തുനിന്ന് നിരീക്ഷിക്കുന്നുണ്ട്. അവർ അല്ലു അർജുനെതിരെ നെഗറ്റീവ് കാമ്പയിൻ നടത്തുകയാണ്. ഈയിടെ അല്ലു അർജുനെയും ഭാര്യയെയും മക്കളെയും ഉൾപ്പെടുത്തി അവർ എല്ലാ അതിർവരമ്പുകളും ലംഘിച്ചു. അല്ലു അർജുന് ദോഷം ചെയ്യുന്ന രീതിയിലുള്ള തമ്പ്നൈലുകളാണ് അവർ ഉപയോഗിക്കുന്നത്.

സോഷ്യൽ മീഡിയ സുരക്ഷിത ഇടമായി മാറ്റാൻ ഞങ്ങൾ അവരുടെ ഓഫിസ് സന്ദർശിച്ചു. വിഡിയോകൾ ഡിലീറ്റ് ചെയ്യാനും ഇത്തരം പ്രവർത്തനങ്ങൾ ഉടനടി നിർത്താനും ആവശ്യപ്പെട്ടു. നമുക്ക് ​സോഷ്യൽ മീഡിയയെ ഒരു സുരക്ഷിത ഇടമാക്കാം’ -പ്രസ്താവനയിൽ കുറിച്ചു.

പിന്നീട് ചാനലിലെ ജീവനക്കാരൻ വിഡിയോ യൂട്യൂബിൽനിന്ന് നീക്കുകയും മുതിർന്ന അംഗം അല്ലു അർജുനോടും അദ്ദേഹ​ത്തിന്റെ ആരാധകരോടും മാപ്പ് പറയുകയും ചെയ്തു. ‘നിങ്ങൾക്ക് കാണാൻ സാധിക്കുന്നത് പോലെ, ഈ ചിത്രങ്ങൾ അബദ്ധത്തിൽ സംഭവിച്ചതാണ്. അല്ലു അർജുനോട് ഞങ്ങൾ മാപ്പ് ചോദിക്കുന്നു, കാരണം ഞങ്ങൾ ഇത് ചെയ്യാൻ ആഗ്രഹിച്ചിരുന്നില്ല. ഇവിടേക്ക് വന്ന ആരാധകരോടും ഞങ്ങൾ മാപ്പ് ചോദിക്കുന്നു. ഞങ്ങൾ ഇത് ഒരിക്കലും ആവർത്തിക്കില്ല’ -​അദ്ദേഹം പറയുന്നുണ്ട്.

ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിച്ചാൽ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്ന് അല്ലു അർജുന്റെ ആരാധകർ ചാനൽ അധികൃതർക്ക് മുന്നറിയിപ്പ് നൽകി. അതേസമയം, സംഭവത്തെക്കുറിച്ച് ഇതുവരെ അല്ലു അർജുൻ പ്രതികരിച്ചിട്ടില്ല. അല്ലു അർജുന്റെ പുതിയ സിനിമ ‘പുഷ്പ:2’ ഡിസംബർ അഞ്ചിന് തിയറ്ററുകളിൽ ഇറങ്ങാനിരിക്കെയാണ് സംഭവം. ഇതിന്റെ ട്രെയിലർ നവംബർ 17ന് പുറത്തിറങ്ങും. 2021ൽ ഇറങ്ങിയ ‘പുഷ്പ: ദ റൈസ്’ സിനിമയുടെ രണ്ടാം ഭാഗമാണിത്.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL