അവൻ ശരിക്കുമൊരു സാധു!
കൊച്ചി: പേര് പോലെ തന്നെ ഒരു സാധുവാണ്, പുതുപ്പള്ളി സാധു- വെള്ളിയാഴ്ച വൈകുന്നേരം മുതൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന കമന്റുകളിലൊന്നാണിത്. കോതമംഗലത്ത് സിനിമ ഷൂട്ടിങ്ങിനിടെ മറ്റൊരു കൊമ്പനുമായി ഏറ്റുമുട്ടി കാടുകയറിയ പുതുപ്പള്ളി സാധു ഏറെ ആരാധകരുള്ള നാട്ടാനകളിലൊരാളാണ്. കോട്ടയം പുതുപ്പള്ളി പാപ്പാലപ്പറമ്പ് വര്‍ഗീസിന്‍റെ ഉടമസ്ഥതയിലുള്ള ആന ആരണ്യ പ്രജാപതിയെന്നാണ് അറിയപ്പെടുന്നത് തന്നെ. 1998ല്‍ അസമില്‍ നിന്നാണ് സാധുവിനെ വര്‍ഗീസ് സ്വന്തമാക്കുന്നത്. അവിടെ രേഖകളിലുണ്ടായിരുന്ന അതേ പേര് തന്നെ ആനയ്ക്ക് നല്‍കുകയായിരുന്നു. പേരു പോലെ തന്നെ വളരെ ശാന്തപ്രകൃതക്കാരനാണ് സാധുവെന്ന കൊമ്പന്‍. തൃശൂര്‍ പൂരമടക്കം സംസ്ഥാനത്തെ പ്രധാനപ്പെട്ട ഉത്സവങ്ങളിലെല്ലാം താരസാന്നിധ്യമാണ് 52 വയസുള്ള ഈ കൊമ്പൻ. സിനിമാ അഭിനയത്തിലൂടെ സാധു കൂടുതൽ പ്രശസ്തനായി. തമിഴ്, തെലുങ്ക് ഭാഷകളിൽ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ അഭിനയിക്കുന്നതിനു സർട്ടിഫിക്കറ്റ് കിട്ടിയ ചുരുക്കം ചില ആനകളിൽ ഒന്നാണ്. വനംവകുപ്പിന്റെ സമ്മതപത്രം ലഭിച്ചാലേ ആനകളെ സിനിമയിൽ അഭിനയിപ്പിക്കാൻ കഴിയൂ. കാട് ഏറെ പരിചിതമായതിനാൽ അപകടമൊന്നും കൂടാതെ സാധു തിരിച്ചെത്തുമെന്നാണ് ആന പ്രേമികളുടെ പ്രതീക്ഷ. കോട്ടയത്ത് തിരുനക്കര പൂരം ഉൾപ്പെടെ മിക്ക ഉത്സവങ്ങൾക്കും തലയെടുപ്പോടെ എത്താറുള്ള ആന കൂടിയാണ് സാധു. വിജയ് ദേവരകൊണ്ട നായകനായെത്തുന്ന ശ്രീലങ്കൻ പശ്ചാത്തലത്തിലുള്ള സിനിമയുടെ ഷൂട്ടിങ്ങിനാണ് ആനകളെ എത്തിച്ചത്. മണികണ്ഠൻ എന്ന കൊമ്പനുമായി കൊമ്പുകോർത്താണ് സാധു കാടു കയറിയത്. ഇന്നലെ വൈകുന്നേരം ഷൂട്ടിങ് പാക് അപ്പ് ആയതിനു ശേഷം ആനകളെ ലോറിയിൽ കയറ്റുന്നതിടെയായിരുന്നു പുതുപ്പള്ളി സാധുവിനെ മണികണ്ഠൻ പിന്നിൽ നിന്ന് കുത്തിയത്. പിന്നാലെ രണ്ട് ആനകളും വിരണ്ട് കാട്ടിലേക്ക് ഓടിക്കയറി. മണികണ്ഠനെ വൈകാതെ തെരഞ്ഞു കണ്ടെത്തി. രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സാധു ആനയെ കണ്ടെത്തിയത്.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com