Thursday, September 18News That Matters
Shadow

KSRTCബസ്സിൽ നിന്ന് സ്വര്‍ണ്ണം കവര്‍ന്ന കേസിലെ പ്രതികൾ പിടിയിൽ

എടപ്പാളിൽ കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാരനില്‍ നിന്ന് സ്വര്‍ണ്ണ വ്യാപാരിയുടെ ഒരു കോടി രൂപയുടെ സ്വര്‍ണ്ണം കവര്‍ച്ച ചെയ്ത കേസിലെ പ്രതികള്‍ പിടിയിൽ. പള്ളുരുത്തി സ്വദേശികളായ നിസാർ, നൗഫൽ, കോഴിക്കോട് സ്വദേശിയായ ബാബു എന്നിവരെയാണ് അന്വേഷണ സംഘം പിടികൂടിയത്. ബസ്സില്‍ കയറി ആഭരണങ്ങളും പേഴ്സും മറ്റും മോഷണം നടത്തുന്ന സ്ഥിരം മോഷണ സംഘമാണ് പിടിയിലായവര്‍ എന്നാണ് വിവരം. കവര്‍ച്ച ചെയ്ത സ്വര്‍ണ്ണാഭരണങ്ങള്‍ പ്രതികളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് തിരൂരിലുള്ള ജ്വല്ലറിയില്‍ മോഡല്‍ കാണിക്കുന്നതിനായി ജിബിന്‍ എന്ന ജീവനക്കാരന്റെ കൈവശം കൊടുത്തുവിട്ട സ്വര്‍ണ്ണാഭരണങ്ങളാണ് കുറ്റിപ്പറത്ത് നിന്ന് തൃശ്ശൂരിലേക്കുള്ള യാത്രക്കിടെ സംഘം കവര്‍ന്നത്.

കോഴിക്കോട് നിന്നും നെടുങ്കണ്ടത്തേക്ക് പോയിരുന്ന കെഎസ്ആര്‍ടിസി ബസില്‍ ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് ജിബിന്‍ കുറ്റിപ്പുറത്ത് നിന്ന് തൃശ്ശൂരിലേക്ക് ടിക്കറ്റ് എടുത്തത്. ബസ്സില്‍ തിരക്കായത് കൊണ്ട് ബാഗ് പുറകിലിട്ട് നിന്നാണ് ജിബിൻ എടപ്പാള്‍ വരെ യാത്ര ചെയ്തത്. എടപ്പാളില്‍ യാത്രക്കാര്‍ ഇറങ്ങിയതോടെ ലഭിച്ച സീറ്റീല്‍ ജിബിൻ ഇരുന്നെങ്കിലും ബാഗ് പരിശോധിച്ചതോടെയാണ് ആഭരണങ്ങള്‍ സൂക്ഷിച്ച ബോക്സ് നഷ്ടപ്പെട്ടത് അറിയുന്നത്. ഉടനെ ബസ്സ് ജീവനക്കാരെ സംഭവം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്തി ബസ്സ് സ്റ്റേഷനിലെത്തിച്ച് ബസ്സിലും യാത്രക്കാരെയും പരിശോധന നടത്തിയെങ്കിലും സ്വര്‍ണ്ണം കണ്ടെത്താനായില്ല.

സംഭവം അറിഞ്ഞ തൃശ്ശൂര്‍ സ്വദേശികളായ ഉടമകളും സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ചങ്ങരംകുളം പോലീസും കുറ്റിപ്പുറം പോലീസും തിരൂര്‍ ഡിവൈഎസ്പിക്ക് കീഴിലുള്ള പ്രത്യേക അന്വേഷണ സംഘവും ചേര്‍ന്നാണ് കേസില്‍ അന്വേഷണം തുടങ്ങിയത്. സംഭവം നടന്ന് ഒരു ദിവസത്തിനുള്ളില്‍ തന്നെ പ്രതികളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. സംഭവ സമയത്ത് 35 ഓളം യാത്രക്കാര്‍ എടപ്പാളില്‍ ഇറങ്ങിയതായി കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറഞ്ഞിരുന്നു. എടപ്പാളില്‍ ഇറങ്ങിയ യാത്രക്കാരുടെ വിവരങ്ങളും സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള വിവരങ്ങളും ശേഖരിച്ചാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഒരു കോടി എട്ട് ലക്ഷം രൂപ വില വരുന്ന 1512 ഗ്രാം സ്വര്‍ണ്ണമാണ് ജീവനക്കാരന്‍ വശം കൊടുത്തുവിട്ടിരുന്നതെന്നാണ് തൃശ്ശൂര്‍ സ്വദേശികളായ ഉടമകള്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നത്. കസ്റ്റഡിയിലായ പ്രതികളില്‍ നിന്ന് നഷ്ടപ്പെട്ട സ്വര്‍ണ്ണം കണ്ടെത്തിയെന്നും സൂചനയുണ്ട്.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL