മലപ്പുറം: സപ്ലൈകോയുടെ പേരുപറഞ്ഞ് കബളിപ്പിച്ച് യുവതിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ ഹാക്ക് ചെയ്തതായി പരാതി. മലപ്പുറം കാളമ്പാടി സ്വദേശിനിയുടെ ഫോണിലേക്കു വിളിച്ച് കബളിപ്പിച്ചാണ് വാട്സ്ആപ്, ഇൻസ്റ്റഗ്രാം, ഐ.എം.ഒ എന്നീ അക്കൗണ്ടുകൾ ഹാക്ക് ചെയ്തത്. ആഗസ്റ്റ് 27ന് ഉച്ചക്ക് 12.30ഓടെയാണ് സംഭവം. സപ്ലൈകോയിൽനിന്നാണ് വിളിക്കുന്നതെന്നും നിങ്ങളുടെ പേരിലുള്ള റേഷൻകാർഡിൽ വിരലടയാളം രേഖപ്പെടുത്തിയതിൽ പിശകുണ്ടെന്നും ഉടൻ തിരുത്തണമെന്നും ചൂണ്ടിക്കാട്ടിയാണ് ഫോൺ വന്നത്. സംശയംതോന്നിയ യുവതി റേഷൻകാർഡിലെ പിശക് പിന്നീട് തിരുത്താമെന്ന് പറഞ്ഞെങ്കിലും ഫോണിൽ വിളിച്ചവർ ഭീഷണിപ്പെടുത്തി. യുവതിയുടെ ഫോണിലേക്കു വരുന്ന ഒ.ടി.പി നമ്പറുകൾ ഉടൻ കൈമാറാനും അവർ ആവശ്യപ്പെട്ടു. ഇതോടെ യുവതി ഫോണിലേക്ക് തുടരെ വന്ന മൂന്ന് ഒ.ടി.പി നമ്പറുകൾ ഫോണിൽ വിളിച്ചവർക്ക് കൈമാറി. തുടർന്നാണ് സമൂഹമാധ്യമ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടത്. യുവതിയുടെ ഫോൺ കോൺടാക്ട് പട്ടികയിലുണ്ടായിരുന്നവർക്കെല്ലാം അശ്ലീല സന്ദേശങ്ങൾ പോയി. സന്ദേശങ്ങൾ ലഭിച്ചവർ ഫോണിൽ വിളിച്ച് പരാതി പറഞ്ഞതോടെയാണ് യുവതിയും കുടുംബവും സംഭവമറിയുന്നത്. ഇതോടെ മലപ്പുറം സൈബർ സെല്ലിൽ പരാതി നൽകി. യുവതിക്കു വന്ന ഫോൺ നമ്പർ സൈബർ സെൽ പരിശോധിച്ചതോടെ മുമ്പ് മരിച്ച തിരുവനന്തപുരം സ്വദേശിയുടെ പേരിലുള്ള കണക്ഷനിൽനിന്നാണ് കാൾ വന്നതെന്ന് കണ്ടെത്തി. സൈബർ സെൽ അന്വേഷണം തുടങ്ങി.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com