Tuesday, April 7News That Matters
Shadow

പെരുമ്പാവൂരിൽ മോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു; ആറ് അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ

പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ മോഷണം ആരോപിച്ച് യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തി. സംഭവത്തിൽ അസം സ്വദേശികളായ ആറ് അതിഥി തൊഴിലാളികളെ പെരുമ്പാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല; ഇയാളും ഒരു അതിഥി തൊഴിലാളിയാണെന്നാണ് പ്രാഥമിക വിവരം. പെരുമ്പാവൂർ മുടിക്കലിലെ ‘എ.എം. വിനീർ’ എന്ന പ്ലൈവുഡ് സ്ഥാപനത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമിച്ചു എന്നാരോപിച്ചായിരുന്നു മർദ്ദനം. മൂന്ന് സഹോദരങ്ങൾ ഉൾപ്പെടെയുള്ള ആറംഗ സംഘം പ്ലൈവുഡ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ‘കോർ’ ഉപയോഗിച്ച് യുവാവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ യുവാവിന്റെ പല്ലുകൾ ഒടിയുകയും മുഖത്തും വയറിലും കൈകാലുകളിലും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അസം സ്വദേശികളായ അലാവുദ്ദീൻ, മിനാരുൾ, സാക്കിർ ഹുസൈൻ, ഹബീസുദീൻ, ഹസൻ അലി, മുസമ്മിൽ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവരെ കമ്പനിയിൽ നിന്ന് തന്നെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മരണമടഞ്ഞ ആളുടെ മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL