കോഴിക്കോട്: യുവതിയെ ബലാത്സംഗത്തിനിരയാക്കി സ്വർണം തട്ടിയ കേസിൽ ഒരു വർഷമായി ഒളിവിലായിരുന്ന പ്രതിയെ പോലീസ് പിടികൂടി. മലപ്പുറം കോട്ടക്കൽ സ്വദേശി നെല്ലിക്കപറമ്പ് കുഞ്ഞിതൊടി വീട്ടിൽ മുഹമ്മദ് ജസീലാണ് (34) കോഴിക്കോട് വെച്ച് പോലീസ് പിടിയിലായത്.

2023 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.സമൂഹമാധ്യമങ്ങൾ വഴി നാദാപുരം സ്വദേശിനിയുമായി പരിചയപ്പെട്ട പ്രതി യുവതിയെ കോഴിക്കോട് നഗരത്തിലെ ഹോട്ടലിലെത്തിച്ച് ബലാത്സംഗം ചെയ്യുകയും ആറ് പവന ഓളം സ്വർണം കൈക്കലാക്കി മുങ്ങുകയുമായിരുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്ന പോലീസ് സംഘം കഴിഞ്ഞ ദിവസമാണ് പ്രതിയെ വലയിലാക്കിയത്.സോഷ്യൽ മീഡിയ വഴി സ്ത്രീകളെ പ്രണയക്കെണിയിൽ കുടുക്കി ഹോട്ടൽ മുറികളിലെത്തിച്ച് പീഡിപ്പിക്കുകയും സ്വർണ്ണാഭരണങ്ങൾ കവരുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി എന്ന് പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ സമാനമായ മറ്റ് പരാതികളും ലഭിച്ചിട്ടുണ്ട്. നിരവധി സ്ത്രീകളുമായി ഇയാൾ ഇത്തരത്തിൽ ബന്ധം സ്ഥാപിച്ചിട്ടുള്ളതായും പോലീസ് കണ്ടെത്തി.ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ പ്രിയൻ, സബ് ഇൻസ്പെക്ടർ മീജോ ജോസ്, എസ്.സി.പി.ഒ വിജീഷ്, ജിനേഷ്, അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ മുഹമ്മദ് ജസീലിനെ റിമാൻഡ് ചെയ്തു.
