കോഴിക്കോട്: വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കൂടെക്കൂട്ടുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത കേസിൽ ഒളവണ്ണ സ്വദേശി അറസ്റ്റിൽ. ഒളവണ്ണ ടി.പി ഷൗക്കത്തലിയെയാണ് പോക്സോ നിയമപ്രകാരം വനിതാ പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വീട്ടിൽ നിന്നും ഇറങ്ങിയ പെൺകുട്ടിയെ ഇയാൾ ബസിൽ പിന്തുടരുകയായിരുന്നു. പിന്നീട് ഹൈലൈറ്റ് മാളിൽ എത്തിക്കാമെന്ന് വാഗ്ദാനം നൽകി പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ കയറ്റി. തുടർന്ന് കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എത്തിച്ച് ലൈംഗികമായി ഉപദ്രവിച്ചതായാണ് പെൺകുട്ടിയുടെ പരാതി. പരാതി ലഭിച്ചതിനെ തുടർന്ന് കോഴിക്കോട് വനിതാ പോലീസ് സ്റ്റേഷൻ എസ്.ഐ തുളസിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിക്കുകയും കോഴിക്കോട് നഗരത്തിൽ വെച്ച് പ്രതിയെ പിടികൂടുകയുമായിരുന്നു. സമാനമായ രീതിയിൽ പ്രതി മറ്റ് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്.

