പാണ്ടിക്കാട്: കിഴക്കേ പാണ്ടിക്കാട് കുറ്റിപ്പുളിയിൽ വീട് കയറി തോക്കും കത്തിയും കാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ സംഭവത്തിൽ നാല് പേർ കൂടി അറസ്റ്റിലായി. കോഴിക്കോട് സ്വദേശികളായ അബ്ദുൽ റാഷിഖ് (38), നിജാസ് (40), മുഹമ്മദ് ആരിഫ് (36), മുഹമ്മദ് ഷെഫീർ (35) എന്നിവരെയാണ് പാണ്ടിക്കാട് പോലീസ് പിടികൂടിയത്. കവർച്ചയ്ക്ക് ശേഷം കാറിൽ രക്ഷപ്പെട്ട സംഘത്തെ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പോലീസ് വലയിലാക്കിയത്. സംഭവദിവസം തന്നെ ബേപ്പൂർ സ്വദേശി മുഹമ്മദ് അനീസിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30-ഓടെ കിഴക്കേ പാണ്ടിക്കാട് ചക്കാലക്കുത്ത് അബ്ദുവിന്റെ വീട്ടിലായിരുന്നു നാടിനെ നടുക്കിയ കവർച്ച നടന്നത്. പർദയും മുഖംമൂടിയും ധരിച്ചെത്തിയ അഞ്ചംഗ സംഘം വീട്ടുകാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് ഏഴര ലക്ഷം രൂപ വിലവരുന്ന സ്വർണ്ണവളയും മൊബൈൽ ഫോണും കവർന്നത്. വീട്ടിൽ പണം സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ എത്തിയതെന്ന് പോലീസ് വ്യക്തമാക്കി. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായും പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളെ പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്തു.

