സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശേഷം വിദേശ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഓൺലൈൻ ട്രേഡിംഗിൽ വമ്പൻ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് 22.6 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതിയെ ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് വിരുദുനഗർ ജില്ലയിലെ അരിപ്പുക്കോട്ടൈ സ്വദേശിയായ ഡി ഹരിദാസ് (43) ആണ് അറസ്റ്റിലായത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പുറപ്പെടുവിച്ച ലുക്ക് ഔട്ട് സർക്കുലറിന്റെ അടിസ്ഥാനത്തിൽ ട്രിച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എമിഗ്രേഷൻ വകുപ്പ് പ്രതിയെ തടയുകയും പൊലീസില്‍ അറിയിക്കുകയുമായിരുന്നു. തമിഴ്‌നാട്ടിലെ നിർദ്ധനരിൽ നിന്നും ചെറുതായൊരു തുക നൽകി വാങ്ങിയ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് പ്രതി പണം സ്വീകരിച്ചത്. ചെങ്ങന്നൂരിലെ ഒരു പ്രമുഖ കെട്ടിട നിർമാണ കരാറുകാരനെക്കൊണ്ടാണ് തട്ടിപ്പുകാർ 3 അക്കൗണ്ടുകളിലേക്ക് പണം അയപ്പിക്കുകയായിരുന്നു. തുടർന്ന് 20ലധികം അക്കൗണ്ടുകളിലേക്ക് മാറ്റിയ ശേഷം കംബോഡിയയിൽ നിന്ന് എടിഎം മുഖാന്തിരം പിൻവലിക്കുകയായിരുന്നു. പ്രതി കംബോഡിയ, ലാവോസ്, നൈജീരിയ, യുഎഇ എന്നിവിടങ്ങളിലേക്ക് പതിവായി യാത്ര ചെയ്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. സ്ഥിര താമസസ്ഥലമോ സ്ഥിര ഫോൺ നമ്പറോ ഇല്ലാത്തതിനാൽ പിടികൂടൽ പൊലീസിന് വെല്ലുവിളിയായിരുന്നു. പ്രതിയെ ചെങ്ങന്നൂരിൽ എത്തിച്ച് കോടതിയിൽ ഹാജരാക്കിയ ശേഷം മാവേലിക്കര സബ് ജയിലിൽ റിമാൻഡ് ചെയ്തു. സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ വിപിൻ, എസ് ഐ പ്രദീപ്, എഎസ്‌ഐ പ്രദീപ് ചന്ദ്രൻ, സിപിഒമാരായ സഞ്ജു, സുഹർ, വിബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സമാനമായ മറ്റൊരു തട്ടിപ്പിൽ ചേർത്തല നഗരത്തിലെ ഡോക്ടർ ദമ്പതിമാരിൽ നിന്നും 7.5 കോടി തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യ പ്രതികളിൽ ഒരാളായ ഉത്തരാഖണ്ഡ് സ്വദേശി കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. ഡോക്ടർ ദമ്പതികളിൽ നിന്നായി 20 തവണയിലേറെയായി 7.5 കോടി രൂപയാണ് ഓഹരി വിപണിയിൽ നിന്ന് വൻ ലാഭം ചെയ്ത് ചൈനീസ് റാക്കറ്റ് തട്ടിയത്.
