Thursday, September 18News That Matters
Shadow

ടെലഗ്രാമിൽ കണ്ട ലിങ്കിൽ ക്ലിക്ക് ചെയ്തു, 46 ലക്ഷം പോയി; പ്രതിയെ പിടികൂടി

ആറന്മുള: 46 ലക്ഷം രൂപയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയെ മധ്യപ്രദേശില്‍ എത്തി കേരള പൊലീസ് പിടികൂടി. ഭോപ്പാലില്‍ നിന്നാണ് മാനവേന്ദ്ര സിംഗ് എന്ന പ്രതിയെ പത്തനംതിട്ട ആറന്മുള പൊലീസ് പിടികൂടിയത്. മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി. ആറന്മുള സ്വദേശിക്കാണ് പണം നഷ്ടമായത്. കഴിഞ്ഞ ഡിസംബറില്‍ രജിസ്റ്റർ ചെയ്ത കേസില്‍ ഏറെ പ്രയാസപ്പെട്ടാണ് പ്രതികളെ പൊലീസ് കുടുക്കിയത്.

ആറന്മുള പൊലീസ് സ്റ്റേഷൻ പരിധിയില്‍ കോഴഞ്ചേരി സ്വദേശിയായ യുവാവിന്റെ 46 ലക്ഷം രൂപ സൈബർ തട്ടിപ്പ് വഴി കവർന്നെടുത്ത സംഘത്തിലെ പ്രതിയെയാണ് ആറന്മുള പൊലീസ് മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്നും അറസ്റ്റ് ചെയ്തത്. ആറന്മുള പൊലീസ് ഇൻസ്പെക്ടർ സി കെ മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ടെലഗ്രാം ആപ്ലിക്കേഷൻ വഴി ക്രിപ്റ്റോ കറൻസി ട്രേഡ് നടത്തി ലാഭം ഉണ്ടാക്കാം എന്ന പരസ്യം കണ്ട് പരാതിക്കാരൻ ഒരു ലിങ്കില്‍ ക്ലിക്ക് ചെയ്തതിനെ തുടർന്ന് ഒരു ടെലഗ്രാം ഗ്രൂപ്പില്‍ അംഗമായതോടെയാണ് തട്ടിപ്പ് തുടങ്ങിയത്. AMERITRADE എന്ന എന്ന USA കമ്ബനിയുടെ പ്ലാറ്റ്ഫോമില്‍ USDT എന്ന ക്രിപ്റ്റോ കറൻസി ബിസിനസില്‍ 100 അമേരിക്കൻ ഡോളർ നിക്ഷേപിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ 1000 ഡോളർ തിരികെ ലഭിക്കുമെന്നും മറ്റും പറഞ്ഞായിരുന്നു തട്ടിപ്പ്. ടെലഗ്രാം ഗ്രൂപ്പ് വഴി പരസ്യങ്ങളും വാഗ്ദാനങ്ങളും വരികയും കമ്ബനിയുടെ ഏജൻറ് എന്ന രീതിയില്‍ പരാതിക്കാരനെ നിരന്തരം ബന്ധപ്പെടുകയും ചെയ്തതിനെ തുടർന്ന്, ഇത് വിശ്വസിച്ച്‌ 2023 ജൂലൈ 8 മുതല്‍ ഡിസംബർ 16 വരെ പലതവണകളായി ആദ്യം 23 ലക്ഷം രൂപ തട്ടിപ്പുകാർ നല്‍കിയ അക്കൗണ്ടുകളിലേക്ക് അയച്ചു കൊടുക്കുകയായിരുന്നു.

മുടക്കിയ തുകയും അതിന്‍റെ മൂന്നു മടങ്ങായി ക്രിപ്റ്റോ കറൻസി ബിസിനസ്സില്‍ ലഭിച്ച ലാഭവും കാണുന്ന തരത്തില്‍ ഒരു വെബ്സൈറ്റിന്റെ സ്ക്രീൻഷോട്ട് വ്യാജമായി ഉണ്ടാക്കി പ്രതികള്‍ പരാതിക്കാരന് അയച്ചു നല്‍കി. ഇത് കാണുന്നതിനുള്ള ഒരു ആപ്ലിക്കേഷനും പരാതിക്കാരന് അയച്ചു കൊടുത്തു. പിന്നീട് ഈ തുക പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട സമയം പ്രോസസിങ് ചാർജ് , ഓ ടി പി ചാർജ് , ഡെലിവറി ചാർജ് ,ടാക്സ് എന്നിങ്ങനെ വിവിധതരത്തില്‍ പലതവണയായി വീണ്ടും 23 ലക്ഷം രൂപ കൂടി തട്ടി എടുക്കുകയായിരുന്നു. 2024 മാർച്ച്‌ മാസം യുവാവ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

പരാതിക്കാരനെ ബന്ധപ്പെട്ട ഫോണ്‍ നമ്ബറുകളും തുകകള്‍ അയച്ചു നല്‍കിയ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ മധ്യപ്രദേശ് സ്വദേശികളായ രണ്ട് പ്രതികളെ കുറിച്ച്‌ മനസ്സിലാക്കി അന്വേഷണം നടത്തിയതിലാണ് മാനവേന്ദ്ര സിംഗ് പിടിയിലായത്. ഇയാളുടെ പേരിലുള്ള രണ്ട് അക്കൗണ്ടുകളിലായി 35 ലക്ഷത്തോളം രൂപ കൈമാറിയിട്ടുള്ളതായി വ്യക്തമായതിനെ തുടർന്ന് മധ്യപ്രദേശിലെത്തി രണ്ട് ദിവസത്തെ അന്വേഷണത്തില്‍ ഒടുവില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തട്ടിപ്പ് നടന്നതിനുശേഷം വൈകി പരാതി നല്‍കിയതിനാല്‍ പണം തിരിച്ചു എടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയുടെ അക്കൗണ്ടില്‍ നിന്നും തുകകള്‍ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയിട്ടുള്ളതായി കണ്ടതിനെ തുടർന്ന് ഈ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.

ഉത്തർപ്രദേശ് സ്വദേശിയായ ഇയാള്‍ കഴിഞ്ഞ ആറ് കൊല്ലമായി മധ്യപ്രദേശില്‍ താമസിച്ച്‌ ഒരു ഹോട്ടലില്‍ റിസപ്ഷനിസ്റ്റ് ആയി ജോലി ചെയ്യുകയാണ്. പ്രതിയെ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയ ശേഷം തെളിവെടുപ്പിനായും ചോദ്യം ചെയ്യുന്നതിനായും കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി അജിത്ത് ഐ പി എസിന്റെ മേല്‍നോട്ടത്തില്‍ പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാറിന്റെ നിർദ്ദേശ പ്രകാരം ആറന്മുള പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി കെ മനോജ്, എസ് ഐ വിനോദ് കുമാർ, എ എസ് ഐ സലിം, എസ് സി പി ഒമാരായ പ്രദീപ് , ബിന്ദുലാല്‍ എന്നിവർ അടങ്ങിയ സംഘമാണ് ഈ കേസിന്റെ അന്വേഷണം നടത്തിയത്.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL