മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ (പി.എം.ആർ.) വിഭാഗം സീനിയർ റെസിഡൻ്റും വളാഞ്ചേരി നടുക്കാവിൽ ഡോ. സാലിഖ് മുഹമ്മദിന്റെ ഭാര്യയുമായ ഡോ. സി.കെ. ഫർസീനയെ (35) താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകുന്നേരം അഞ്ചോടെ മഞ്ചേരി വയപ്പാറപ്പടിയിലെ ഫ്ലാറ്റിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. വൈകുന്നേരം നാല് മണിയോടെ സഹപാഠികളുടെ വാട്‌സാപ് ഗ്രൂപ്പിൽ ജീവിതം അവസാനിപ്പിക്കുകയാണെന്ന് സന്ദേശമയച്ചതിനൊപ്പം ഇത് സ്റ്റാറ്റസ് ആക്കുകയും ചെയ്തിരുന്നു. ഇന്നലെ ഉച്ചവരെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഫർസീന, വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായി സഹപ്രവർത്തകർ പറഞ്ഞു. മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
