മലപ്പുറം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും, അതിനെ തുടർന്ന് ഗർഭണിയായ പെൺകുട്ടിക്ക് ഡോക്ടറുടേയോ മറ്റോ യാതൊരു പ്രെസ്ക്രിപ്ഷൻ ഇല്ലാതെ മലപ്പുറത്തെ ഒരു പ്രമുഖ മെഡിക്കൽ ഷോപ്പിൽ നിന്നും ഗർഭഛിദ്രത്തിനുള്ള മരുന്ന് വാങ്ങിച്ചു കൊടുത്ത് ഗർഭം അലസിപ്പിക്കുകയും ചെയ്ത കേസിലാണ് ഒളിവിൽ പോയ മലപ്പുറം മങ്ങാട്ടുപുലത്തുള്ള കല്ലൻ കുള്ളൻ കുഞ്ഞിമുഹമ്മദിന്റെ മകൻ മുഹമ്മദ് ഫാരിഷ് 29 വയസ്സ് എന്നയാളെ മലപ്പുറം പോലീസ് ഇൻസ്‌പെക്ടർ വിഷ്ണു. പി, സബ് ഇൻസ്‌പെക്ടർ പ്രിയൻ എസ്.കെ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. പ്രത്യേക തരത്തിലുള്ള ലൈംഗിക വൈകൃതങ്ങലുള്ള പ്രതി സ്കൂളുകൾ കേന്ദ്രീകരിച്ച് ആഡംബര ബൈക്കകുളിൽ കറങ്ങി പെൺകുട്ടികളുടെ ശ്രദ്ധ പിടിച്ചു പറ്റി വശീകരിച്ച് അവരെ സഹായിക്കാനെന്ന വ്യാജേന പ്രതിയുടെ ബൈക്കിൽ കയറ്റിക്കൊണ്ടു പോവുകയും മൂന്നോ നാലോ ദിവസങ്ങൾ ക്കുള്ളിൽ ഓരോരോ പെണ്ഴകുട്ടികളെയായി പ്രതി വാടകക്കെടുത്ത മലപ്പുറത്തും കോഴിക്കോടും മറ്റുമുള്ള റൂമുകളിൽ കൊണ്ടു പോയി ലൈംഗികതിക്രമത്തിനിരയാക്കുകയും സ്കൂൾ വിടുന്ന സമയം പെൺകുട്ടികളെ ബൈക്കിൽ കയറ്റി തിരികേ വീട്ടിലേക്കു പോവുന്ന വഴിയിൽ കൊണ്ടു പോയി വിടുകയും കൂടാതെ പെൺകുട്ടികളെ ബ്ലാക് മെയിൽ ചെയ്യുകയുമാണ് പതിവ്. വിവാഹിതനും നാലര വയസ്സുള്ള പെൺകുട്ടിയുടെ പിതാവുമായ പ്രതി അവിവാഹിതനാണെന്നു പറഞ്ഞാണ് പെൺകുട്ടികളുമായി ചങ്ങാത്തം സ്ഥാപിക്കുന്നത്. പ്രതി ഇത്തരത്തിൽ സോഷ്യൽ മീഡിയ വഴിയും നിരവധി പെൺകുട്ടികളെ ട്രാപ്പിലാക്കിയതായും ക്രൂരമായ ബലാത്സംഗങ്ങളും അബോഷനുകളും നടത്തിയതായും സാമ്പത്തിക തട്ടിപ്പുകൽ നടത്തിയതായും സൂചന ലഭിച്ചിട്ടുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം മലപ്പുറം DYSP യുടെ നേതൃത്വത്തിൽ മലപ്പുറം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രത്യേക സംഘം രൂപീകരിച്ച് കേസന്വേഷണം നടത്തി വരികയാണ്. കേസിന്റെ അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഇത്തരത്തിലുള്ള മറ്റു സ്ത്രീകളുടേയും കുട്ടികളുടേയും പരാതികൾ ശേഖരിച്ച് കേസ് രജിസ്റ്റർ ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. കൂടാതെ പ്രതി പണം വാങ്ങിച്ച് തിരികെ കൊടുക്കാതെ ചതി ചെയ്യപ്പെട്ട പരാതിക്കാർ പ്രതിയുടെ അറസ്റ്റു വിവരം അറിഞ്ഞ് സ്റ്റേഷനിലേക്ക് വന്നു കൊണ്ടിരിക്കുന്നു. അത്തരത്തിലുള്ള അന്വേഷണങ്ങളും പുരോഗമിക്കുന്നുണ്ട്.
