*മലപ്പുറം : 16 വയസ്സുകാരിയെ അന്തഃപ്രവേശിത ലൈംഗിക പീഢനത്തിനിരയാക്കിയ കാര്യത്തിന് 23 വയസ്സുകാരനെ 75 വര്‍ഷം കഠിന തടവനുഭവിക്കുന്നതിനും 6 ¼ ലക്ഷം രൂപ പിഴ അടക്കുന്നതിനും ശിക്ഷിച്ചു. 16 വയസ്സ് മാത്രം പ്രായമുള്ള രക്ഷിതാക്കളുടെ സംരക്ഷണയില്‍ ജീവിച്ച് വരുന്ന പരാതിക്കാരിയെ പ്രതി ലൈംഗിക ഉദ്ദേശത്തോടെ മൊബൈല്‍ ഫോണ്‍ വഴി പ്രണയം നടിച്ച് നിരന്തരം പിന്തുടരുകയും 2022 മെയ് മാസം മുതല്‍ 2023 മെയ് മാസം വരെയുള്ള കാലയളവില്‍ പരാതിക്കാരിയും കുടുംബവും താമസിച്ചിരുന്ന രാത്രി സമയങ്ങളില്‍ അതിക്രമിച്ച് കയറി ബെഡ് റൂമില്‍ വെച്ച് പല തവണ അന്തഃപ്രവേശിത ലൈംഗികാതിക്രമത്തിന് വിധേയമാക്കുകയും രക്ഷിതാക്കളുടെ അനുമതിയില്ലാതെ പ്രതിയുടെ മോട്ടോര്‍ സൈക്കിളില്‍ കയറ്റി മിനി ഊട്ടിയിലെ മിസ്റ്റി ലാന്‍ഡ് നാച്ചുറല്‍ പാര്‍ക്കിലേക്ക് കൊണ്ടു പോവുകയും ചെയ്ത കാര്യത്തിന് വാഴക്കാട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ നുഹ്മാന്‍. കെ, വയസ്സ് 23, S/o അഹമ്മദ്, പടനെല്ലിമ്മല്‍ വീട്, പോത്തുവെട്ടിപ്പാറ, മുതുവല്ലൂര്‍ എന്നയാളെ വിവിധ വകുപ്പുകള്‍ പ്രകാരം 75 വര്‍ഷം കഠിന തടവിനും, 6 ¼ ലക്ഷം രൂപ പിഴ അടക്കുന്നതിനും, പിഴ അടച്ചില്ലെങ്കില്‍ 11 മാസം അധിക തടവിനും ശിക്ഷിച്ചു.

മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജ് ശ്രീ. അഷ്‌റഫ് എ.എം. ആണ് ശിക്ഷ വിധിച്ചത്. പ്രതി പിഴയടക്കുന്ന പക്ഷം പിഴ സംഖ്യ Victim ന് നല്‍കാനുത്തരവായി. കൂടാതെ വിക്ടിം കോമ്പന്‍സേഷന്‍ സ്കീം പ്രകാരം കൂടുതല്‍ നഷ്ട പരിഹാരം നല്‍കുന്നതിനായി ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയോട് നിര്‍ദ്ദേശിച്ചു. വാഴക്കാട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടറായിരുന്ന രാജന്‍ബാബു. കെ ആണ് കേസ്സ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്. അസി. സബ് ഇന്‍സ്പെക്ടര്‍ പ്രഭ. ടി കേസന്വേഷണത്തില്‍ സഹായിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ.സോമസുന്ദരന്‍ ഹാജരായി. കേസില്‍ പ്രോസിക്യുഷന്‍ ഭാഗം തെളിവിലേക്കായി 23 സാക്ഷികളെ വിസ്തരിച്ചിട്ടുള്ളതും, 36 രേഖകള്‍ ഹാജരാക്കിയിട്ടുള്ളതുമാണ്. പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ അസി.സബ് ഇന്‍സ്പെക്ടര്‍ സല്‍മ. എന്‍, പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയക്കും
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com